കോവിഡിനിടെ 6000 പേരെ പങ്കെടുപ്പിച്ച് വിവാഹനിശ്ചയം; ബിജെപി നേതാവ് അറസ്റ്റില്‍

കോവിഡ് മാനദണ്ഡം ലംഘിച്ച ഗുജറാത്ത് മുന്‍മന്ത്രിയും ബി.ജെ.പി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റില്‍. കോവിഡ് വ്യാപനത്തിനിടെ ആറായിരത്തോളം പേരെ പങ്കെടുപ്പിച്ച് കൊച്ചുമകളുടെ വിവാഹ നിശ്ചയം നടത്തിയതിനാണ് അറസ്റ്റ്.

നവംബര്‍ 30ന് താപി ജില്ലയിലെ ദോസ്വാഡ ഗ്രാമത്തിലായിരുന്നു ചടങ്ങ്. എല്ലാ കോവിഡ് മാനദണ്ഡവും ലംഘിച്ച് മാസ്ക് ധരിക്കാതെ, സാമൂഹ്യ അകലം പാലിക്കാതെ നൂറുകണക്കിനാളുകള്‍ നൃത്തം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഐ.പി.സി 308 പ്രകാരമാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്.

ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവാതെ വന്നത് തന്‍റെ പിഴവാണെന്ന് കാന്ത് ഗാമിത്ത് പറഞ്ഞു. മാപ്പ് ചോദിക്കുന്നു. താന്‍ ആരെയും ചടങ്ങിലേക്ക് വ്യക്തിപരമായി ക്ഷണിച്ചിരുന്നില്ലെന്നും നേതാവ് പറഞ്ഞു. 2000 പേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കിയിരുന്നു. ഇത് ആരോ വീഡിയോ എടുത്ത് വൈറലാക്കിയതാണെന്നും നേതാവ് പറഞ്ഞു.ഗുജറാത്തില്‍ 2.11 ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടുണ്ട്. മരണം 4000 പിന്നിട്ടു. അഹമ്മദാബാദ്, വഡോദര,സൂറത്ത്, രാജ്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യു തുടരുകയാണ്. അതിനിടെയാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്.

കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഗുജറാത്ത് ഹൈക്കോടതിയും നിരീക്ഷിക്കുകയുണ്ടായി. നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ റാലികളെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ജനങ്ങള്‍ക്ക് ശരിയായ സന്ദേശം നല്‍കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കോടതി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *