കോഴി കര്‍ഷകരെ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍

മലപ്പുറം: സംസ്ഥാനത്ത് കോഴി വളര്‍ത്തി ഉപജീവന മാര്‍ഗമായി സ്വീകരിക്കുന്ന മൂന്നു ലക്ഷത്തോളം കര്‍ഷകരും അവരെ ആശ്രയിച്ച്‌ കഴിയുന്ന പത്ത് ലക്ഷത്തോളം കുടുംബങ്ങളും പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ഈ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കേരള പൗള്‍ട്രി ഫാര്‍മേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ജിഎസ്ടി വന്നതോടെ അതിര്‍ത്തിയില്‍ ടാക്സ് എടുത്തുകളഞ്ഞതിനാല്‍ കുത്തക കമ്പനികളുടെ പിടിയിലായിരിക്കുകയാണു കോഴി വ്യവസായം. ഒരു കിലോ കോഴിക്ക് 55രൂപ മാത്രമാണു ഫാമില്‍ ലഭിക്കുന്നത്. ഒരു കിലോ കോഴി വളര്‍ച്ച എത്തുമ്പോഴേക്ക് 81 രൂപ ചിലവ് വരുന്നു. ഒരു ദിവസം പ്രായമാകുന്ന കോഴിക്കുഞ്ഞിന് 36രൂപക്ക് മുകളില്‍ വിലവരുന്നു. ഈ സ്ഥിതിവിശേഷം മൂലം ആയിരകണക്കിനു കര്‍ഷകര്‍ പട്ടിണിയിലായി. ഏകദേശം കേരളത്തിലെ 80ശതമാനം ഫാമുകള്‍ ഉല്‍പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെ കൂനിന്‍മേല്‍ കുരുപോലെ അമേരിക്കയില്‍ കോഴിക്കാലുകള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്.

കോഴി കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടെ മതിയാകുവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അന്യസംസ്ഥാന കുത്തക കമ്പനികളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, കോഴിവളര്‍ത്തല്‍ കൃഷി മേഖയില്‍ ഉള്‍പ്പെടുത്തി അനൂകല്യങ്ങള്‍ ലഭ്യമാക്കുക, കേരളത്തിന് ആവശ്യമായ കോഴിക്കുഞ്ഞ് ഉല്‍പാദനത്തിന് ഹാച്ചറി യൂനിറ്റുകളും കോഴിത്തീറ്റ മില്ലുകളും ആരംഭിക്കുക, കോഴിഫാമുകളുടെ കെട്ടിട നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങല്‍ ഉന്നയിച്ച്‌ ശക്തമായ സമരങ്ങള്‍ നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ജിജി മാത്യൂ പാലക്കാട്, എ പി ഖാദറലി വറ്റലൂര്‍, സെയ്ത മണലായ, അഡ്വ വര്‍ഗീസ വയനാട് എന്നിവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *