കോഴിക്കോട് കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ ആംഗീകാരം

കോഴിക്കോട്: കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട ഇവിടുത്തെ തൊഴിലാളി സമരത്തിനും വിരാമമാകുകയാണ്. ബില്ല് പ്രാബല്യത്തിലാകുന്നതോടെ നിലവിലെ സ്ഥലത്ത് വ്യവസായ മ്യൂസിയവും ഉത്പാദനകേന്ദ്രവും വരുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

കോഴിക്കോട് നഗരമധ്യത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ചരിത്രപ്രാധാന്യമുള്ള കോമണ്‍വെല്‍ത്ത് നെയ്ത്ത് ഫാക്ടറി 2009 ഫെബ്രുവരി ഒന്നിനാണ് അടച്ചുപൂട്ടിയത്. പൂട്ടുമ്ബോള്‍ ഫാക്ടറിയില്‍ 287 തൊഴിലാളികളാണ് ഇവിടെ ജോലി അവശേഷിച്ചിരുന്നത്. ഇതില്‍ 180 പേര്‍ മാനേജ്മെന്റ് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ അംഗീകരിച്ച്‌ പിരിഞ്ഞുപോകാന്‍ തയാറായി. എന്നാല്‍ 107 പേര്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യവുമായി സമരം തുടര്‍ന്നു. ഇതേതുടര്‍ന്ന് 2012 ജൂലൈ 25ന് കമ്ബനി ഏറ്റെടുക്കാന്‍ തീരുമാനിച്ചുകൊണ്ട് സര്‍ക്കാര്‍ നിയമം പാസാക്കുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടാന്‍ ആറ് വര്‍ഷത്തോളം കാലതാമസമെടുക്കാന്‍ ഇടയാക്കിയത് അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്താതിരുന്നതിനാലാണെന്ന് തൊഴിലാളികള്‍ക്ക് പരാതിയുണ്ട്. എങ്കിലും വര്‍ഷങ്ങള്‍ ഏറെ വൈകി ഇപ്പോള്‍ കമ്ബനി ഏറ്റെടുത്തതിന് അംഗീകാരം കിട്ടിയതില്‍ തൊഴിലാളികള്‍ സംതൃപ്തിയറിയിച്ചു.

ഇവിടെ വ്യവസായ മ്യൂസിയവും ഉത്പാദനകേന്ദ്രവും വരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നൂറിലധികം വരുന്ന തൊഴിലാളികള്‍. കമ്ബനി പഴയ പ്രതാപം വീണ്ടെടുക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവയ്ക്കുന്നു.

കമ്ബനി ഏറ്റെടുക്കാനുള്ള ബില്ലിന് അംഗീകാരം കിട്ടിയതോടെ ഉപയോഗിക്കാതെ കിടക്കുന്ന ഒന്നര ഹെക്ടറിലധികം വരുന്ന കമ്ബനിയുടെ സ്ഥലം സംസ്ഥാന വ്യവസായ വികസനകോര്‍പറേഷന്‍(കെഎസ്‌ഐഡിസി) ഏറ്റെടുക്കും. മാനേജ്മെന്റ് പ്രതിനിധികള്‍ നേരത്തെ പുറത്തുവിറ്റ സ്ഥലം വിപണി വില നല്‍കി തിരിച്ചെടുക്കുകയും ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *