കോഴിക്കോട്: കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലിരുന്നവരാണ് മരിച്ചത്. മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന് എന്നിവരാണു മരിച്ചത്. ഇതോടെ ജില്ലയില്‍ ഓഗസ്റ്റില്‍ മാത്രം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി. നാലുലക്ഷത്തില്‍ അധികം പ്രതിരോധമരുന്നുകളാണ് ഇന്നലെ കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്തത്.
കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് എലിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പനി പടരാതിരിക്കാന്‍ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. പ്രളയത്തിനുശേഷം സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു.

പ്രളയജലത്തില്‍ ഇറങ്ങിയവര്‍ക്ക് ആര്‍ക്കെങ്കിലും പനി വന്നാല്‍ വിദഗ്ധ ചികില്‍സയ്ക്ക് ആശുപത്രികളില്‍ എത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പലരും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യത ഉണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.













