കോഴിക്കോട്ടെ മാനേജ്മെന്‍റ് അസോസിയഷന്‍ പരിപാടിയില്‍ എത്തിയ ചീഫ് സെക്രട്ടറി ദുരന്തബാധിത പ്രദേശങ്ങളിൽ സന്ദര്‍ശനം നടത്താതെ മടങ്ങി

കോഴിക്കോട്: ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം റദ്ദാക്കിയ ചീഫ് സെക്രട്ടറി ടോം ജോസ് കോഴിക്കോട്ടെ മാനേജ്മെന്‍റ് അസോസിയഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങി. ജില്ലയില്‍ രണ്ടിടത്ത് ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനം പ്രതീക്ഷിച്ച് ഉദ്യോഗസ്ഥര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍, തലസ്ഥാനത്ത് ഉടന്‍ മടങ്ങിയെത്തേണ്ടതിനാലാണ് ദുരിതമേഖലകള്‍ സന്ദര്‍ശിക്കാത്തതെന്ന് ചീഫ് സെക്രട്ടറി പറ‍ഞ്ഞു.

മഴക്കെടുതിയിൽ കോഴിക്കോട് ജില്ലയില്‍ ഏറ്റവുമധികം നാശമുണ്ടായ ചിപ്പിലിത്തോട്, ചാത്തമംഗലം എന്നിവിടങ്ങളില്‍ ചീഫ് സെക്രട്ടറി സന്ദര്‍ശിക്കുമെന്നായിരുന്നു ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ സന്ദേശം. രാവിലെ 11 മണിക്ക് ചിപ്പിലിത്തോടെത്തുമെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് വഴി മാധ്യമങ്ങള്‍ക്കും വിവരം ലഭിച്ചു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ പരിപാടി റദ്ദാക്കിയതായി രാവിലെ പത്ത് മണിയോടെ അറിയിപ്പെത്തി.

എന്നാല്‍ വൈകിട്ട് ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാനായി ചീഫ് സെക്രട്ടറിയെത്തി. മുഖ്യതിഥിയായിരുന്ന ടോംജോസ് രണ്ട് മണിക്കൂറോളം പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. ദുരിത മേഖലകളിലെ സന്ദര്‍ശനം സംബന്ധിച്ച ചോദ്യത്തോട് ഇന്നുരാത്രി താന്‍ തിരിച്ചുപോകുമെന്നും പിന്നീട് വരുമെന്നുമാണ് ടോം ജോസ് പ്രതികരിച്ചത് .

ചീഫ് സെക്രട്ടറിയുടെ സൗകര്യാര്‍ത്ഥമാണ് പരിപാടി നിശ്ചയിച്ചതെന്നും സ്വന്തം നിലയിലാണ് ചീഫ് സെക്രട്ടറിയെത്തിയതെന്നും കാലിക്കറ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *