കോന്നി സംഭവം: ആര്യയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്


2-girls-missing-konni-found-death-condition-1-criticalതൃശ്ശൂര്‍: ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് തൃശ്ശൂരില്‍ ചികിത്സയിലുള്ള കോന്നി സ്വദേശിനി ആര്യസുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബോര്‍ഡ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും തലച്ചോര്‍ പ്രവര്‍ത്തന ക്ഷമമല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.


പള്‍സ് കുറയുന്നുണ്ട്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമായതിനാല്‍ 24 മണിക്കൂര്‍ കൂടി വെന്റിലേറ്റര്‍ സംവിധാനം തുടരും. അതിനുശേഷം വീണ്ടും മെഡിക്കല്‍ ബോര്‍ഡ് കൂടി കുട്ടിയുടെ ആരോഗ്യസ്ഥിതി അവലോകനം ചെയ്യും. ന്യുമോണിയ ബാധയൊഴിവാക്കാനായി കുട്ടിക്ക് കൂടുതല്‍ ആന്റിബയോട്ടിക് നല്‍കാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.


നിലവിലുള്ള ആരോഗ്യസ്ഥിതി വെച്ച് പെണ്‍കുട്ടിക്ക് കൂടുതല്‍ ശസ്ത്രക്രിയകള്‍ ചെയ്യില്ല. കഴിഞ്ഞ ദിവസം കുട്ടിയുടെ സ്ഥിതി അല്പം മെച്ചമായിരുന്നെങ്കിലും പിന്നീട് വഷളാവുകയായിരുന്നു.

കോന്നിയില്‍ നിന്നും കാണാതായ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥിനികളില്‍ രണ്ടുപേരെ പാലക്കാട്ട് റെയില്‍വേപാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആര്യയെ ഗുരുതരമായ പരിക്കുകളോടെയും കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട കോന്നി ഐരവണ്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍നായരുടെ മകള്‍ ആതിര ആര്‍ നായര്‍ (17), കോന്നി തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ സുജാതയുടെ മകള്‍ എസ. രാജി (16) എന്നിവരെയാണ് മങ്കരയ്ക്കും ലക്കിടിക്കുമിടയില്‍ പൂക്കാട്ടുകുന്നില്‍ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടത്.



Sharing is Caring