കൊവിഡ്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഇന്നും തുടരും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇന്നും അനുമതി. നിരത്തുകളിൽ പൊലീസിന്റെ വ്യാപക പരിശോധന ഇന്നും തുടരും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. ഇന്നലത്തെ നിയന്ത്രണങ്ങൾ ഇന്നും തുടരും. ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴങ്ങൾ, പാൽ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾക്കായിരിക്കും പ്രവർത്തിക്കാൻ അനുമതി. ടേക്ക് എവേ, പാഴ്‌സൽ സേവനങ്ങൾക്കു മാത്രമേ ഹോട്ടലുകളും റസ്റ്റോന്റുകളും തുറക്കാൻ പാടുള്ളൂ. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവർത്തിക്കില്ല.

എല്ലാ പ്രവർത്തനങ്ങളും പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. ബീച്ചുകൾ പാർക്കുകൾ മൃഗശാല, മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ ഇന്നും അടച്ചിടും. ദീർഘദൂര ബസ് സർവീസുകൾ, ട്രെയിനുകൾ, വിമാനയാത്രകൾ എന്നിവ അനുവദനീയമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *