കൊവിഡിനിടയില്‍ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥ് അയോദ്ധ്യയിലേക്ക്


ലഖ്‌നൗ: രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനമെന്ന് ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാര്‍ ഝാ വ്യക്തമാക്കി. ചില ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തും.അയോദ്ധ്യയുടെ വിവിധ ഭാ​ഗങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോ​ഗതിയും മുഖ്യമന്ത്രി പരിശോധിക്കും.


കൊവിഡ‍് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നടപ്പാക്കിയതിന് ശേഷം രണ്ടാം തവണയാണ് യോ​ഗി ആദിത്യ നാഥ് രാമജന്മഭൂമി സന്ദര്‍ശിക്കുന്നത്. ഹനുമാന്‍ ​ഗാരി ക്ഷേത്രത്തിലും യോ​ഗി ആദിത്യനാഥ് എത്തുമെന്നാണ് വിവരം. മാര്‍ച്ച്‌ 25ന് രാംല്ലലാ വി​ഗ്രഹം മാറ്റി സ്ഥാപിച്ചപ്പോഴാണ് ഇതിനു മുമ്ബ് യോഗി ഇവിടെയത്തിയത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി 11 ലക്ഷം രൂപ വ്യക്തിപരമായി യോഗി ആദിത്യനാഥ് നല്‍കിയിട്ടുണ്ട്. സന്ദര്‍ശനത്തിന് ശേഷം ലഖ്‌നൗവില്‍ തിരിച്ചെത്തുന്ന മുഖ്യമന്ത്രി ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.




Sharing is Caring