കൊച്ചി: എറണാകുളം പുത്തന്‍വേലിക്കരയില്‍ 60 വയസുകാരിയെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍വേലിക്കരയില്‍ ഡേവിസിന്റെ ഭാര്യ മോളിയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഭിന്നശേഷിയുള്ള മകനൊപ്പമായിരുന്നു മോളി താമസിച്ചിരുന്നത്.പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി..
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അസം സ്വദേശി മുന്നയെ കസ്റ്റഡിയിലെടുത്തു. മോളിയുടെ മകന്‍ ഡെനിക്കൊപ്പമായിരുന്നു മുന്നയുടെ താമസമെന്ന് അറിയുന്നു.

രാവിലെ മകനാണ് അമ്മ മരിച്ചുകിടക്കുന്ന കാര്യം അയല്‍വീട്ടില്‍ വന്ന് അറിയിച്ചത്. തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ മോളിയെ കണ്ടെത്തിയത്. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
മകനാണോ അമ്മയെ ആക്രമിച്ചതെന്ന് സംശയിക്കുന്നുണ്ടെങ്കിലും വാടയ്ക്ക് താമസിച്ചിരുന്ന മുന്നയയെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അയല്‍ക്കാര്‍ വന്നുനോക്കുമ്പോള്‍ കിടപ്പുമുറിയില്‍ വിവസ്ത്രയായി കിടക്കുകയായിരുന്നു. പ്രാര്‍ത്ഥനാമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന നിലയിലാണ് കാണപ്പെട്ടത്.ഇന്നലെ രാത്രി 9.30 വരെ അടുത്ത കൂട്ടുകാരി മോക്‌സേച്ചിയുമായി പള്ളിപ്പെരുന്നാളിനെ കുറിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
പ്രതിയെ ഇന്ന് തന്നെ അറസ്‌ററ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തിന് സമീപം പത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്.













