കൊല്‍ക്കത്തയിൽ യുവ ഡോക്ടറുടെ കൊലപാതകം :മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിന്റെ നുണ പരിശോധന പൂര്‍ത്തിയാക്കി


കൊല്‍ക്കത്ത ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷിന്റെ രണ്ടാം ഘട്ട പോളിഗ്രാഫ് പരിശോധനകള്‍ പൂർത്തിയാക്കി.


സെൻട്രല്‍ ഫോറൻസിക് സയൻസ് ലബോറട്ടറിയില്‍ നിന്നുള്ള സംഘമായിരിക്കും നുണ പരിശോധന നടത്തുകയെന്ന് സിബിഐ ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു.


കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധനയും സിബിഐ ഉദ്യോഗസ്ഥർ നടത്തിയിരുന്നു. അതേസമയം സന്ദീപ് ഘോഷിന്റേയും ഇയാളുടെ ബന്ധുക്കളുടേയും അടുപ്പമുള്ളവരുടേയും വീടുകള്‍ ഉള്‍പ്പെടെ 13ഓളം ഇടങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് സമര്‍പ്പിച്ചിട്ടുണ്ട്‌.

മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ അഴിമതി ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ വിഷയത്തില്‍ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ചുള്ള റിപ്പോർട്ട് സെപ്തംബർ 17നകം സമർപ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

കേസില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സുരക്ഷാ ചുമതല സിഐഎസ്‌എഫിന് കൈമാറാൻ നിർദേശിക്കുകയും ചെയ്തിരുന്നു.



Sharing is Caring