കൊറിയന്‍ രാജ്യങ്ങള്‍ ഒന്നിക്കാന്‍ ഒരുങ്ങുന്നു

സോള്‍: ഒരു യുദ്ധത്തോടെ നഷ്ടമായ ബന്ധം വീണ്ടും ശക്തമാക്കാനൊരുങ്ങി കൊറിയന്‍ ഭരണകൂടങ്ങള്‍. ഇരു രാജ്യങ്ങള്‍ക്കിടയിലും യുദ്ധത്തോടെ പിരിഞ്ഞുപോയ കുടുംബങ്ങള്‍ക്ക് ഒത്തുചേരാന്‍ കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് ദക്ഷിണകൊറിയ അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മില്‍ ഉന്നതതല ചര്‍ച്ചയ്ക്ക് അരങ്ങൊരുങ്ങുന്നതിന്റെ മുന്നോടിയായാണ് ദക്ഷിണ കൊറിയയുടെ പുതിയ തീരുമാനം.ശൈത്യകാല ഒളിമ്ബിക്സിന്റെ ഭാഗമായി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങുള്‍പ്പെടെയുള്ള പ്രത്യേക സംഘം ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.ഈ സന്ദര്‍ശനത്തില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിനെ ഉച്ചകോടി ചര്‍ച്ചക്കായി ഉത്തരകൊറിയയിലേയ്ക്ക് കിം ജോങ് ഉന്‍ ക്ഷണിച്ചതായി കിം യോ ജോങ് അറിയിച്ചിരുന്നു. അത്തരമൊരു കൂടിക്കാഴ്ച നടന്നാല്‍ അത് വലിയൊരു മാറ്റമാകും കൊണ്ടുവരുന്നത് . 2007ലാണ്‌ഇരുകൊറിയകളുടെയും നേതാക്കള്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്

ഇരു കൊറിയന്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് മൂണ്‍ വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും വീണ്ടും സഹകരണത്തിന്റെ പാതയില്‍ സഞ്ചരിച്ചാല്‍ അത് ചരിത്രമായി മാറും. ആണവ പരീക്ഷണങ്ങളിലുള്‍പ്പെടെ ഉത്തര കൊറിയയുടെ നിലപാടുകള്‍ സഹകരണത്തിന്റെ ഭാഗമായി അയയുമെന്നാണ് ദക്ഷിണ കൊറിയയുടെ പ്രതീക്ഷ.ദക്ഷിണ കൊറിയയിലെ ശൈത്യകാല ഒളിമ്ബിക്സില്‍ കിം ജോങ് ഉന്നിന്റെ സംഘം പങ്കെടുത്തത് ഇതിന്റെ സൂചനയാണെന്നും , ഇതില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നതെന്നും ദക്ഷിണ കൊറിയ മന്ത്രാലയം അറിയിച്ചു‍.അതേസമയം പുതിയ ബന്ധം മെച്ചപ്പെടുത്താന്‍ ഇരുവര്‍ക്കും രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കൂടി വേണം. എന്നാല്‍ രാജ്യാന്തര തലത്തില്‍ ഐക്യരാഷ്ട്ര സഭ ഉത്തര കൊറിയയ്ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ പിന്തുണയ്ക്കുന്നതായും ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്.

ചര്‍ച്ചകള്‍ക്കൊടുവില്‍ ദക്ഷിണ കൊറിയ നിലപാടില്‍ മാറ്റം വരുത്തുമോയെന്ന് ജപ്പാനും യുഎസും സംശയ ദൃഷ്ടിയോടെയാണു കാണുന്നത്. ഉത്തര കൊറിയയ്ക്കെതിരെ അമേരിക്ക ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് സൈനിക പരിശീലനം നടത്തിയിരുന്നു.കൊറിയന്‍ പെനിന്‍സുലയില്‍ 1950-53ലുണ്ടായ സംഘര്‍ഷത്തിനു ശേഷം ഇരുകൊറിയകളും തമ്മില്‍ ‘ശീതയുദ്ധ’ത്തിലാണ്. ഇപ്പോഴും മേഖലയില്‍ ഇരു രാജ്യങ്ങളും പ്രകോപനം നടത്തുന്നുണ്ട്. ഇതിനെല്ലാം ഉന്നതതല ചര്‍ച്ചയിലൂടെ മാറ്റം വരുമെന്നാണ് വിദഗ്​ധരുടെ അഭിപ്രായം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *