കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മാതാവും കൂറുമാറി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ രണ്ടാം സാക്ഷിയാണ് പെണ്‍കുട്ടിയുടെ മാതാവ്.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്ന് വിസ്താരത്തിനിടെ മാതാവ് അറിയിച്ചു. ജനിച്ച കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാണെന്നും മാതാവ് മൊഴിനല്‍കി.

വൈദികനായ റോബിന് വടക്കുംചേരി മുഖ്യപ്രതിയായ കേസിലെ പ്രധാന സാക്ഷിയായ പെണ്‍കുട്ടി ബുധനാഴ്ച വിസ്താരത്തിനിടെ കൂറുമാറിയതായി പ്രോസിക്യൂഷന് പ്രഖ്യാപിച്ചിരുന്നു.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു മാതാവ് നേരത്തെ മൊഴി നല്‍കിയിരുന്നത്.
ഇതു തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റും മാമോദീസ ചടങ്ങിന്റെ രേഖകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രതിയായ ഫാ. റോബിന് വടക്കുംചേരിക്കെതിരേ തങ്ങള്‍ക്കു പരാതിയില്ലെന്നും മാതാവ് കോടതിയെ അറിയിച്ചു.













