കൊടിഞ്ഞി ഫൈസല്‍ വധം: 11 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു


മഞ്ചേരി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പിടിയിലായ 11 പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പുല്ലാണി വിനോദ് (39), പുല്ലാണി സജീഷ് എന്ന കുഞ്ഞുട്ടി (32), പുളിക്കല്‍ ഹരിദാസന്‍ (30), ദിനേശ് എന്ന ഷാജി (39), ചാനത്ത് സുനി (39), പരപ്പനങ്ങാടി കോട്ടക്കല്‍ ജയപ്രകാശ് (50), കളത്തില്‍ പ്രദീപ് എന്ന കുട്ടന്‍ (32), പാലത്തിങ്ങല്‍ പള്ളിപ്പടി ലിജേഷ് എന്ന ലിജു (27), തിരൂര്‍ പുല്ലൂണി കണക്കന്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ പുല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), വെള്ളിയാമ്ബുറം പുലന്‍കുന്ന് സ്വദേശിയും തിരൂര്‍ പൂല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ്‌കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവര്‍ക്കാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.


മലപ്പുറം ജില്ല വിട്ടുപോകാന്‍ ജില്ല പോലീസ് മേധാവിയുടെ അനുമതി വേണം, ഒരു ലക്ഷത്തിന്റെ രണ്ട് വസ്തു ആധാരമടക്കം കെട്ടിവെക്കണം, അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്ബാകെ എല്ലാ ബുധനാഴ്ചയും രാവിലെ 10നും 11 നുമിടയില്‍ രണ്ട് മാസം വരെ ഹാജരാകണം. അതിനിടെ കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ അതുവരെ നിലനിര്‍ത്തണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ പാടില്ല, പാസ്‌പോര്‍ട്ടുള്ളവര്‍ സറണ്ടര്‍ ചെയ്യണം എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. അഡ്വ. ശ്രീപ്രകാശാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.


കേസ് ഏറെ പ്രത്യേകതകളുള്ളതാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഗവ. പഌഡര്‍ സുരേഷ് വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 19 ന് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ചാണ് ഫാറൂഖ് നഗര്‍ സ്വദേശിയായ അനില്‍കുമാര്‍ എന്ന ഫൈസലിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മതംമാറിയ വിരോധത്തിലായിരുന്നു ഫൈസലിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ 15 പേരാണ് പോലീസ് പിടിയിലായത്.



Sharing is Caring