കൊടകര കുഴൽപ്പണക്കേസ്; തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെന്ന് ധർമരാജൻ

കൊടകര കുഴൽപ്പണക്കേസിൽ നിർണായക മൊഴി അന്വേഷണസംഘത്തിന്. തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെന്ന് ധർമരാജൻ അന്വേഷണസംഘത്തിന് മൊഴി നൽകി. ആർഎസ്എസ് പ്രവർത്തകൻ ധർമ്മരാജൻ പരാതിക്കാരൻ ഷംജീർ എന്നിവരെ അന്വേഷണ സംഘം ഇന്ന് ചോദ്യംചെയ്ത് വിട്ടയച്ചു. ഇരുവരെയും ആറര മണിക്കൂറാണ് തൃശ്ശൂർ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തത്.

രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകീട്ട് അഞ്ചിനാണ് പൂർത്തിയായത്. ആർഎസ്‌എസ്‌ പ്രവർത്തകനും പണം നഷ്ട്ടപ്പെട്ട വാഹനത്തിന്റെ ഉടമയുമായ ധർമരാജനും, ഡ്രൈവർ ഷംജീറും നേരത്തെ നൽകിയ മൊഴികളിലെ വൈരുധ്യം ചോദിച്ചറിയുന്നതിനാണ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. തൃശൂരിൽ താമസ സൗകര്യമൊരുക്കിയത് തൃശൂർ ഓഫീസ് സെക്രട്ടറിയാണെന്ന് ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. തൃശൂർ ഓഫീസ് സെക്രട്ടറി സതീശന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. എന്നാൽ ചോദ്യം ചെയ്യലിനെ കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല. എല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ധർമ്മരാജിന്റെ പ്രതികരണം.

ബിജെപി നേതാക്കളുമായുള്ള ബന്ധത്തെകുറിച്ചും ഉന്നത നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടതുൾപ്പടെ ഉള്ള കാര്യങ്ങളിലും അന്വേഷണ സംഘം വ്യക്തത തേടിയതായാണ് വിവരം. കവർച്ച ചെയ്യപ്പെട്ട പണം ആർക്കു വേണ്ടിയാണ് കൊണ്ടു വന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ ബിജെപി നേതാക്കളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *