കൊടകര കുഴല്‍പ്പണ കേസിൽ അന്വേഷണം കെ. സുരേന്ദ്രനിലേക്ക്?

തൃശൂർ: കൊടകരയിൽ 3.5 കോടി കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനിലേക്ക് അന്വേഷണമെത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ. നേരത്തെ അറസ്റ്റിലായവരിൽ ചിലർക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്നലെ അന്വേഷണസംഘം വിളിച്ചുവരുത്തിയ ബി.ജെ.പി.യുടെ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, പാർട്ടി മധ്യമേഖലാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവരിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായിട്ടാണ് സൂചന. ബിജെപി നേതൃത്വം തങ്ങളുടെ പങ്ക് ആവർത്തിച്ച് നിരസിക്കുന്ന സമയത്ത് ഭാരവാഹികളെ ചോദ്യം ചെയ്യാൻ വിളിച്ചിച്ചത് പാർട്ടിക്ക് ​ഗുണകരമാവില്ല.

പ്രതികൾ നൽകിയ തെളിവിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ബി.ജെ.പി. നേതാക്കളെ വിളിച്ചുവരുത്തിയത്. ഇതുവരെ 19 പേരാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഭാവിയിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ജില്ലാ ഘടകത്തിൽ നിന്ന് ആരോപണ വിധേയർക്ക് അനുകൂല പ്രതികരണമാണ് ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നത്. എന്നാൽ സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ വലിയ പിന്തുണ നൽകില്ലെന്ന് വ്യക്തമായതോടെ തടിയൂരാൻ മിക്ക നേതാക്കളും ശ്രമം നടത്തിയതായിട്ടാണ് സൂചന. തോൽവിയുടെ ആഘാതത്തിന് പിന്നാലെ കുഴൽപ്പണ കേസിന്റെ കൂടി ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിന്റെ തലയിലേക്ക് വന്നാൽ കെ. സുരേന്ദ്രന്റെ നില പരുങ്ങളിലിലാവും.

മഞ്ചേശ്വരം, കോന്നി, പാലക്കാട്, നേമം, തൃശൂർ തുടങ്ങി ബിജെപി പ്രതീക്ഷ വെച്ചിരുന്ന സുപ്രധാന മണ്ഡലങ്ങളിലെ പ്രചരണം കൊഴുപ്പിക്കാനായിട്ടാണ് കുഴൽപ്പണം എത്തിച്ചതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജില്ലാ നേതാക്കളിൽ ചിലർ തട്ടിയെടുത്ത പണം കൊണ്ട് കടം വീട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ കുഴൽപ്പണം തട്ടിയെടുത്ത സംഭവത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നാണ് നേതൃത്വവും പാർട്ടി അനുകൂല മാധ്യമങ്ങളും ആവർത്തിക്കുന്നത്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ‌ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *