കൊച്ചി മെട്രോ ആദ്യ ഘട്ടം അടുത്ത വര്‍ഷം ഏപ്രിലില്‍

കൊച്ചി മെട്രോയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം ഏപ്രിലില്‍ പൂര്‍ത്തിയാക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. സ്റ്റേഷനും പാര്‍ക്കിംഗ് യാര്‍ഡും ഉള്‍പ്പെടെ സിവില്‍ നിര്‍മ്മാണങ്ങളെല്ലാം ജനുവരിയോടെ പൂര്‍ത്തിയാക്കാന്‍ ഈ മാസം 18 ന് കേന്ദ്ര നഗരവികസന സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം നിര്‍ദ്ദേശം നല്‍കിയതായും ഹൈബി ഈഡന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം വിട്ടു നല്‍കിയവര്‍ക്കുളള നഷ്ടപരിഹാര തുകയ്ക്ക് ആദായ നികുതി ഇളവ് നല്‍കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. നികുതി ഇളവ് ആവശ്യപ്പെട്ട് കെ.എം.ആര്‍.എല്‍ ഹൈക്കോടതിയില്‍ റിട്ട് നല്‍കിയിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും ആധുനികസൗകര്യങ്ങളോടെയുളളതാവും കൊച്ചി മെട്രോ. സാങ്കേതിക തികവോടെയുളള കണ്‍ട്രോളിംഗ് സംവിധാനമാണ് നടപ്പാക്കുന്നത്. ആവശ്യമായ സാങ്കേതിവിദഗ്ധരുടെ സേവനം ഉറപ്പാക്കാന്‍ ഡി.എം.ആര്‍.സിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജ് മുതല്‍ പേട്ടവരെയുളള രണ്ടാംഘട്ടത്തിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയ രണ്ടു കരാറുകാരെ കരാറില്‍ നിന്നും ഭാഗീകമായി ഒഴിവാക്കി. ആലുവ മുതല്‍ പളളുരുത്തി വരെയുളള റോഡിന്റെ നവീകരണവും ആരംഭിച്ചു. ഓടകളുടേത് അടക്കം മറ്റ് അറ്റകുറ്റപണികളും നടക്കുന്നുണ്ട്. പുതിയ സ്ഥലമേറ്റെടുപ്പ് നിയമം ചെറിയ കാലതമാസത്തിന് വഴിവച്ചെങ്കിലും ഇതു മറികടക്കാന്‍ ചട്ടങ്ങള്‍ തയാറാക്കി നടപടി വേഗത്തിലാക്കി. സാദ്ധ്യമായ സ്ഥലങ്ങളിലെല്ലാം മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം നിര്‍മ്മിക്കും. മെട്രോ പ്രാവര്‍ത്തികമായാതല്‍ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനായി പ്രത്യേക നടപ്പാത അടക്കമുളള സംവിധാനം ഒരുക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന പൗരന്മാരുടെയും ശാരീരിക പരിമിതിയുളളവരുടെയും സൗകര്യങ്ങള്‍ പരിഗണിച്ചാവും മെട്രോയും അനുബന്ധ നിര്‍മ്മാണവും നടപ്പാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *