കൊച്ചി മെട്രോ; പേട്ടമുതല്‍ എസ്.എന്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍ പാത ട്രയല്‍ റണ്ണിന് സജ്ജമായി

ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു ആലുവ മുതല്‍ പേട്ടവരെയുള്ള മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത്.ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ പേട്ട മുതല്‍ എസ് എന്‍ ജംങ്ക്ഷന്‍വരെയുള്ള പാത കെ എം ആര്‍ എല്‍ നേരിട്ടാണ് നിര്‍മ്മാണം ഏറ്റെടുത്തത്. 2019 ഒക്ടോബറിലാണ് ഈ പാതയുടെ നിര്‍മാണം ആരംഭിച്ചത്. കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

പൈലിംഗ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു.നിര്‍മ്മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ പേട്ട എസ് എന്‍ ജംങ്ക്ഷന്‍ പാത ട്രയല്‍ റണ്ണിന് സജ്ജമായിക്കഴിഞ്ഞു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്താനാണ് കെ എം ആര്‍ എല്ലിന്റെ തീരുമാനം.ഞായറാഴ്ച രാത്രി 12 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയും തിങ്കളാഴ്ച രാത്രി 12 മണി മുതല്‍ ചൊച്ചാഴ്ച പുലര്‍ച്ചെ വരെയുമാണ് ട്രയല്‍ റണ്‍ നടത്തുക. മെട്രോ പാത എസ്.എന്‍ ജംഗ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും.

അതേ സമയം കൊവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറയ്ക്കാനും കെ എം ആര്‍ എല്‍ തീരുമാനിച്ചു. തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്‍ ഇനി മുതല്‍ 7 മിനിറ്റ് 30 സെക്കന്റ് ഇടവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 9 മിനിറ്റ് ഇടവിട്ടും ട്രയിന്‍ സര്‍വീസ് ഉണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *