കൊച്ചി തീരത്ത് വിദേശ ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചു


കൊച്ചി: കൊച്ചി തീരത്ത് വീണ്ടും വിദേശ ചരക്ക് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച്‌ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്. കൊച്ചി തുറമുഖത്ത് മത്സ്യബന്ധനം നടത്തുന്ന ‘നോഹ’ എന്ന ബോട്ടാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പെട്ടത്. കൊച്ചിയ്ക്ക് പടിഞ്ഞാറായി മുനമ്പം ഹാര്‍ബറില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ വച്ചാണ് അപകടമുണ്ടായത്. ‘മനയ്ക്കല്‍ ബ്വാജ് ഹാര്‍ബര്‍’ എന്ന വിദേശ ചരക്കു കപ്പല്‍ ബോട്ടിലിടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു എന്നാണ് ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ ആരോപണം.


ശക്തമായ കൂട്ടിയിടിയില്‍ ബോട്ടിന്റെ മുന്‍ഭാഗം പാടെ തകരുകയും ബോട്ടിന് വ്യാപകമായ ബലക്ഷയം ഉണ്ടായതായും മുനമ്പം എസ്.ഐ അരുണ്‍ പറഞ്ഞു. അപകടം നടക്കുമ്പോള്‍ പത്ത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ ഒരു വശത്തേക്ക് ഓടി മാറുന്നതിനിടെ ബോട്ടിന്റെ വശങ്ങളില്‍ തട്ടി വീണാണ് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. മറ്രുള്ളവര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളില്ല. കപ്പല്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് അപകടം സംഭവിച്ച ബോട്ട് അതിസാഹസികമായി ഓടിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.


ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പറവൂര്‍ തത്തപ്പിള്ളി സ്വദേശി അശോകന്‍ (52), പള്ളിപ്പുറം സ്വദേശി ജോഫി (59) എന്നിവരെ അയ്യമ്ബിള്ളി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തെക്കുറിച്ച്‌ കോസ്റ്റല്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിദേശ ചരക്കു കപ്പല്‍ ഏത് രാജ്യത്തിന്റേതാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് മുനമ്ബം പൊലീസ് പറഞ്ഞു.



Sharing is Caring