കൈവിട്ട കിരീടം തിരിച്ചു പിടിച്ച് എറണാകുളം; പാലക്കാടിനേക്കാള്‍ 74 പോയിന്റ് ലീഡ്


അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിനെ ബഹുദൂരം പിന്നിലാക്കി എറണാകുളം ജില്ല കിരീടം ഉറപ്പിച്ചു. കഴിഞ്ഞ തവണ അവസാന നിമിഷം നഷ്ടപ്പെട്ട കിരീടം എറണാകുളം തിരിച്ചു പിടിക്കുമെന്നുറപ്പായി. നിലവിലെ ജേതാക്കളായ പാലക്കാടിനേക്കാള്‍ 74 പോയിന്റ് ലീഡ് നിലനിര്‍ത്തി എറണാകുളത്തിന്റെ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ തവണ കോഴിക്കോട് നടന്ന മേളയില്‍ 8 പോയിന്റുകളുടെ വ്യത്യാസത്തില്‍ അവസാന നിമിഷമാണ് പാലക്കാട് കിരീടത്തില്‍ മുത്തമിട്ടത്.


റിലേ, 1200 മീറ്റര്‍, ത്രോ ഇനങ്ങളില്‍ എറണാകുളം ജില്ല ശക്തമായ ആധിപത്യം നേടി. നിലവില്‍ പാലക്കാടിന് 140 പോയിന്റ് മാത്രമാണുള്ളത്. എറണാകുളത്തിന്റ പോയിന്റ് 250 കടക്കാനാണ് സാധ്യത. കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍, മാതിരപ്പിള്ളി സ്‌കൂള്‍, മണീട് സ്‌കൂള്‍, കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ എന്നിവരുടെ ബലത്തിലാണ് എറണാകുളം മുന്നേറുന്നത്.


മികച്ച സ്‌കൂളിനായുള്ള പോരിൽ കോതമംഗലം മാര്‍ബേസില്‍ വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. പാലക്കാട് കല്ലടിയും, കോഴിക്കോട് പുല്ലൂരംപാറ സ്‌കൂളും മാര്‍ബേസിലിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഈ ഘട്ടത്തില്‍ മാര്‍ബേസില്‍ സ്‌കൂള്‍ 57 പോയിന്റോടെ മുന്നേറുന്നു. മീറ്റില്‍ ഇതുവരെ ദേശീയ റെക്കോര്‍ഡുകള്‍ മറികടന്ന നാലു പ്രകടനങ്ങള്‍ ഉണ്ടായി. ലോങ് ജംപില്‍ സാന്ദ്ര ബാബു, ആന്‍സി സോജന്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പി, 5000 മീറ്റര്‍ ഓട്ടത്തില്‍ അജിത്ത് പി.എന്‍. എന്നിവരാണ് ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചത്.

ഇനി നടക്കാനിരിക്കുന്നത് സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ , 200 മീറ്റര്‍, 400 മീറ്റര്‍ റിലേ മത്സരങ്ങളാണ് . ഇന്ന് വൈകീട്ട് നാലോടെ കായിക മേളയ്ക്ക് പരിസമാപ്തിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. കെ.എം.മാണി എംഎല്‍എ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനം വിതരണം ചെയ്യും.



Sharing is Caring