കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടിയ പന്ത്രണ്ട് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. രാത്രി കര്‍ഫ്യൂവിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയാണ് ജില്ലയില്‍ ഇന്നലെ നടന്നത്. കോഴിക്കോട് ജില്ലയില്‍ പ്രതിദിനം രണ്ടായിരത്തിനു മുകളില്‍ കോവിഡ് കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൌരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. പതിനാറായിരത്തിനു മുകളിലായി ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം.ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.66 ആയി താഴ്ന്നത് മാത്രമാണ് ആശ്വാസം. എന്നാല്‍ ജില്ലയുടേതിനേക്കാള്‍ കൂടിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്ത 12 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. രാത്രി കര്‍ഫ്യൂ തുടങ്ങിയതോടെ നഗരത്തിലേക്കുളള റോഡുകള്‍ മുഴുവന്‍ 9 മണിക്ക് മുമ്പേ പൊലീസ് അടച്ചു. അവശ്യ സര്‍വീസ് ജീവനക്കാരെ മാത്രമാണ് പൊലീസ് രാത്രി ഒമ്പത് മണിക്ക് ശേഷം യാത്ര ചെയ്യാനായി അനുവദിച്ചത്. ആശുപത്രിയിലേക്ക് പോകുന്നവര്‍ക്കും അനുമതി ഉണ്ടായിരുന്നു. സ്വകാര്യ ബസ് സ്റ്റാന്‍റിലും കെ. എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റിലുമൊക്കെ രാത്രി വൈകിയും പൊലീസ് പരിശോധന നടത്തി. ഗ്രാമീണ മേഖലകളിലും സമാനമായിരുന്നു സ്ഥിതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *