കോതമംഗലത്ത് അടുക്കളയിലെത്തിയ ‘അതിഥിയെ’ വനപാലകർ സാഹസികമായി പിടികൂടി

കോതമംഗലം വടാട്ടുപാറയിൽ വീടിന്‍റെ അടുക്കളയിൽ കയറിയ രാജവെമ്പാലയെ വനപാലകർ സാഹസികമായി പിടികൂടി. ഇന്നലെ രാവിലെ 9 മണിയോടെയാണ് അടുക്കളയുടെ ഉത്തരത്തില്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

വടാട്ടുപാറ മീരാൻസിറ്റിക്ക് സമീപമുള്ള വീടിന്‍റെ അടുക്കളയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. ഉച്ചയോടെ കോടനാട് നിന്നുള്ള പാമ്പ് പിടുത്ത വിദഗ്ധനായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സാബുവിന്‍റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി. ആക്രമണസ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ സാഹസികമായാണ് പിടികൂടിയത്. 14 അടി നീളമുള്ള ആൺ രാജവെമ്പാലക്ക് ഏകദേശം 13 വയസ് പ്രായമുണ്ട്. പിടികൂടിയ പാമ്പിനെ സ്വാഭാവിക ആവാസസ്ഥലത്ത് തുറന്നു വിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം രാവിലെ കണ്ടെത്തിയ പാമ്പിനെ പിടികൂടാന്‍ വനപാലകര്‍ എത്താന്‍ വൈകിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പാമ്പ് പിടിക്കാൻ ലൈസൻസ് ഉള്ള പ്രദേശവാസിക്ക് വനം വകുപ്പ് അനുമതി നല്‍കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *