തിരുവനന്തപുരം: ഫെയ്‌സ്ബുക്ക് സീക്രെട്ട് ഗ്രൂപ്പായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)യില്‍ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിന് പിന്തുണ നല്‍കാന്‍ ആഹ്വാനം. ജി.എന്‍.പി.സി ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറാണ് കേരള പോലീസിന് പിന്തുണ നല്‍കാനുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ജനകീയ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയമായ കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജ് നിലവില്‍ ഇന്ത്യയിലെ തന്നെ പൊലീസ് ഫെയ്‌സ്ബുക്ക് പേജുകളില്‍ ഒന്നാമതാണ്. ന്യൂയോര്‍ക് പൊലീസ് പേജിനെപ്പോലും പിന്തള്ളി മുന്നോട്ട് കുതിക്കുന്ന കേരള പൊലീസ് പേജിനെ ഒരു മില്യണ്‍ ലൈക്ക് എന്ന നേട്ടത്തിലെത്തിക്കാന്‍ സഹായം തേടിയാണ് ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്റെ പോസ്റ്റ്.

ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് സീക്രട്ട് ഗ്രൂപ്പുകളിലൊന്നാണ് ജിഎന്‍പിസി. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ ജിഎന്‍പിസിക്കെതിരെ എക്‌സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചിരുന്നു. നിലവില്‍ കര്‍ശനമായ അഡ്മിന്‍ നിരീക്ഷണത്തിനു കീഴിലാണ് ഗ്രൂപ്പ് പ്രവര്‍ത്തികുന്നത്.













