കേരളത്തിന്റെ പുനര്‍നിര്‍മാണം; നെതര്‍ലന്‍ഡ്‌സിന്റെ സാങ്കേതിക സഹായം സ്വീകരിക്കണമെന്ന് കേരളം


ന്യൂഡല്‍ഹി: നവകേരള സൃഷ്ടിക്കായി നെതര്‍ലന്‍ഡ്‌സ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാങ്കേതിക സഹായം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. ചീഫ് സെക്രട്ടറി ടോം ജോസിന്റെ കത്ത് പരിഗണിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദേശ മന്ത്രാലയം ആഭ്യന്തര മന്ത്രാലയമുള്‍പ്പെടെയുള്ള മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്.


കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സാങ്കേതികവിദ്യയും ഒപ്പം വിദഗ്ദ സംഘത്തേയും അയക്കാമെന്ന് കഴിഞ്ഞ ആഴ്ച നെതര്‍ലന്‍ഡ്‌സ് വാഗ്ദാനം ചെയ്തിരുന്നു. നെതര്‍ലന്‍ഡ്‌സ് അംബാസിഡറും മലയാളിയുമായ വേണു രാജമണിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. സാങ്കേതിക സഹായ വാഗ്ദാനം സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നെതര്‍ലന്‍ഡ്‌സ് കത്ത് അയച്ചിരുന്നു.


വിഷയത്തില്‍ കേന്ദ്രം ഏതാനും ദിവസങ്ങള്‍ക്കകം മറുപടി നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. വിദേശ സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്ന നിലപാട് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു



Sharing is Caring