കേരളം പനിക്കുമ്പോള്‍ നഴ്‌സുമാര്‍ സമരത്തിന്; തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം


സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ തൃശൂര്‍ ജില്ലയിലെ ആശുപത്രികളിലെ നഴ്‌സുമാരെ സമരത്തിനിറക്കും. മറ്റു ജില്ലകളിലെ ആശുപത്രികളില്‍ 27 നു നടക്കുന്ന സര്‍ക്കാര്‍തല ചര്‍ച്ചയ്ക്കുശേഷമായിരിക്കും സമരം. തൃശൂരില്‍ നടന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) സംസ്ഥാന കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തിലെ 158 ആശുപത്രികളില്‍ സമര നോട്ടീസ് നല്കിയിട്ടുണ്ടെന്ന് യുഎന്‍എ അവകാശപ്പെട്ടു. ശേഷിക്കുന്നിടത്ത് തിങ്കളാഴ്ച രാവിലെ കൈമാറും. സമരം തുടങ്ങുന്ന തൃശൂരിലെ ആശുപത്രികളില്‍ നിലവില്‍ കിടത്തിചികിത്സയില്‍ തുടരുന്ന രോഗികള്‍ക്കു പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കാനും അതീവ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും അത്യാഹിത വിഭാഗത്തില്‍ മിനിമം നഴ്‌സുമാരെ ഡ്യൂട്ടിക്കു നല്‍കും. എന്നാല്‍ ഒപി വഴി പുതിയതായി കിടത്തിചികിത്സയ്ക്കു രോഗികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല.




Sharing is Caring