കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധ നടപടികളില്‍ അതൃപ്തി; ശാസ്ത്ര സമിതിയില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റിന്‍റെ രാജി

കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കൊവിഡ് പ്രതിരോധ ശാസ്ത്ര ഉപദേഷ്ടാക്കളുടെ ഫോറം ഇന്‍സാകോഗില്‍ നിന്ന് മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവച്ചു. വൈറസിലെ ജനിതകമാറ്റം നിരീക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് ലാബുകളുടെ കണ്‍സോര്‍ഷ്യം ആണ് ഇന്‍സാകോഗ്. കൊറോണ വൈറസിന്റെ ജീനോമിക് വകഭേദങ്ങള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ ഈ സ്ഥാപനം ആരംഭിച്ചത്.

കൊവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയ് മാസത്തില്‍ ഉണ്ടായേക്കാവുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ഇന്‍സാകോഗ് മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തില്ല എന്ന ആക്ഷേപത്തിലാണ് ഷാഹിദ് ജമീലിന്റെ രാജി.

വൈറസ് വകഭേദങ്ങള്‍ പഠിക്കുന്നതിനായി രാജ്യത്തുടനീളമുള്ള 10 ദേശീയ ലബോറട്ടറികളെ ഈ സ്ഥാപനം പരിശോധിച്ചിരുന്നു. ഈ പരിശോധനയില്‍ ഫെബ്രുവരി ആദ്യം തന്നെ സ്ഥാപനം ബി.1.617 എന്ന വകഭേദം കണ്ടെത്തുകയും ഇത് സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സസ് ഡയറക്ടറും ഇന്‍സാകോഗ് അംഗവുമായ അജയ് പരിദ യും ഇക്കാര്യം വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും മാര്‍ച്ചില്‍ ഈ കണ്ടെത്തല്‍ ശരിവച്ചു. ഇ484ക്യൂ, എല്‍452ആര്‍ എന്നീ വകഭേദങ്ങള്‍ വളരെയധികം ആശങ്കാകുലമാണെന്നായിരുന്നു കണ്ടെത്തല്‍. വകഭേദം സംഭവിച്ച വൈറസുകള്‍ക്ക് എളുപ്പത്തില്‍ മനുഷ്യകോശത്തിലേക്ക് പ്രവേശിച്ച് രോഗപ്രതിരോധ ശേഷിയെ ചെറുക്കാന്‍ സാധിക്കുമെന്നും സമിതി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഡേറ്റ വിശകലനം ചെയ്യുകയോ ഉചിത നടപടി സ്വീകരിക്കുകയോ കേന്ദ്രം ചെയ്തില്ല.

ഇക്കാര്യത്തെ ചൊല്ലി ശാസ്ത്ര ഉപദേഷ്ടാക്കളുടെ സമിതിയില്‍ ശക്തമായ അഭിപ്രായ ഭിന്നതയും സമീപദിവസങ്ങളില്‍ ഉണ്ടായി. ഇതിന് പിന്നാലെ ആണ് ഡോ. ഷാഹിദ് ജമീലിന്റെ രാജി. രാജി തീരുമാനത്തെ കുറിച്ച് ഇപ്പോള്‍ തനിക്ക് അറിയിലെന്നും കാര്യങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *