കെ പി ഉണ്ണികൃഷ്‌ണന്റെ വേർപാടിലൂടെ ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ദീർഘകാലം വടകരയെ പ്രതിനിധീകരിച്ച ഉണ്ണികൃഷ്ണൻ നെഹ്റുവിയൻ പാരമ്പര്യം പിന്തുടർന്ന നേതാവായിരുന്നു.
ബൊഫോഴ്സടക്കം കോണ്‍ഗ്രസ് കാലത്തെ അഴിമതികള്‍ക്കും തെറ്റായ നിലപാടുകള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച ശക്തനായിരുന്ന നേതാവായിരുന്നു കെ പി ഉണ്ണികൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു.ബാബറി മസ്ജിദ് വിഷയത്തില്‍ മതേതര മൂല്യങ്ങളുയർത്തിപ്പിടിക്കാനും രാജ്യത്തിന്റെ മതമൈത്രി തകർക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കരുത്തുറ്റ നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിനായി.

വി പി സിങ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ പി ഉണ്ണികൃഷ്ണന്റെ ഇടപെടലിലാണ് ഒന്നാം ഗള്‍ഫ് യുദ്ധകാലത്ത് പശ്ചിമേഷ്യയില്‍ അരക്ഷിതരായ ഒന്നരലക്ഷത്തോളം പ്രവാസികളെ നാട്ടിലെത്തിച്ചത്. പശ്ചിമേഷ്യ വീണ്ടും അശാന്തമായിരിക്കുന്ന മറ്റൊരു ഘട്ടത്തിലാണ് നമുക്ക് അദ്ദേഹത്തെ നഷ്ടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.













