കെ.എസ്.ഇ.ബിക്ക് പെന്‍ഷന്‍ കടുത്ത ബാധ്യത; സാമ്പത്തിക പ്രതിസന്ധിയെന്ന് ചെയര്‍മാന്‍……

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പിന്നാലെ കെ.എസ്.ഇ.ബിയും പ്രതിസന്ധിയിലെന്ന് സൂചിപ്പിച്ച്‌ പുതിയ ചെയര്‍മാന്റെ കത്ത്. ബോര്‍ഡും ജീവനക്കാരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ത്രികക്ഷി കരാര്‍ പ്രകാരം പെന്‍ഷന്‍ ട്രസ്റ്റ് രൂപീകരിച്ചെങ്കിലും ബോര്‍ഡിന് നിക്ഷേപം നടത്താന്‍ കഴിഞ്ഞിട്ടില്ല. പെന്‍ഷന്‍ ബാധ്യത വര്‍ഷം തോറും വലുതായിക്കൊണ്ടിരിക്കുകയാണ്. സാമ്ബത്തിക വിദഗ്ധന്‍ കൂടിയായ ചെയര്‍മാന്‍ കെ.എസ് പിള്ളയുടെ കത്ത് മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു.

പെന്‍ഷന്‍ ബാധ്യത 12418 കോടിയില്‍ നിന്ന് 30 ശതമാനം ഉയര്‍ന്ന് 16150 കോടിയിലെത്തി. സഞ്ചിത നഷ്ടം 1877 കോടി രൂപയാണ്. കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാല്‍ സഹകരിക്കണമെന്ന് ജീവനക്കാരുടെ പ്രതിനിധികളോട് കത്തില്‍ ആവശ്യപ്പെടുന്നു.

2013 ല്‍ കമ്ബനിയായ കെ.എസ്.ഇ.ബിയിലെ ജീവനക്കാരുടെ പെന്‍ഷന്‍ സ്ഥിരത ഉറപ്പാക്കാനാണ് മാസ്റ്റര്‍ പെന്‍ഷന്‍ ആന്റ് ഗ്രാറ്റിവിറ്റി ട്രസ്റ്റ് രൂപീകരിച്ചത്. എന്നാല്‍ കരാര്‍ പ്രകാരം അന്നുമുതല്‍ ഫണ്ടിലേക്ക് മാറ്റേണ്ട തുക കെ.എസ്.ഇ.ബി ഇതുവരെ മാറ്റിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ തുക ഫണ്ടിലേക്ക് നിക്ഷേപിക്കാനുണ്ട്. സര്‍ക്കാരിന് ബോര്‍ഡ് ഡ്യൂട്ടി ഇനത്തില്‍ നല്‍കേണ്ട തുക ഈ ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ അന്ന് ധാരണയായിരുന്നു. ആ നിര്‍ദേശം പാലിക്കപ്പെട്ടില്ല എന്നും ചെയര്‍മാന്റെ കത്ത് വ്യക്തമാക്കുന്നു.

പ്രതിവര്‍ഷം 840 ഓളം കോടി രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ ബോര്‍ഡിന് പ്രതിവര്‍ഷം ചെലവാകുന്നത്. ഇത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കുടിശികയും മാറ്റേണ്ടതുണ്ട്. ഈ അവസരത്തിലാണ് പുതിയതായി ചുമതലയേറ്റ ചെയര്‍മാന്‍ ജീവനക്കാരുടെ പ്രതിനിധികള്‍ക്ക് കത്തെഴുതിയത്.
ബോര്‍ഡ് നിരവധി സാങ്കേതിക സാമ്ബത്തിക പ്രതിസന്ധികള്‍ നേരിടുന്നതായി കത്തില്‍ പറയുന്നു. നിരവധി കാര്യങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ നടപ്പാക്കണം. അതിരപ്പിള്ളിയും നടപ്പാക്കണം. കിട്ടാക്കടം പിരിച്ചെടുക്കണം. ഇതിനെല്ലാം ജീവനക്കാരുടെ പിന്തുണ ആവശ്യപ്പെട്ടാണ് കത്ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *