മലപ്പുറം: കെ.എം. മാണിയുടെ കാര്യത്തില്‍ ശക്തമായ നിലപാടുമായി സി.പി.ഐ ദേശീയ നേതൃത്വവും രംഗത്ത്. മാണി അഴിമതിക്കാരന് തന്നെയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഇന്നുരാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ഇതേ നിലപാടാണ് സി.പി.ഐ സംസ്ഥാന നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. ദേശീയ നേതൃത്വംകൂടി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ മാണിയുടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സി.പി.ഐ. കെ.എം. മാണിയെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് സി.പി.ഐ നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുന്നത്.
മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടേ പുതിയ കക്ഷിയെ മുന്നണിയിലെടുക്കൂ എന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സി.പി.ഐ മാണിയുടെ കാര്യത്തില്‍ അയവില്ലാത്ത നിലപാട് തുടരുകയാണ്. മാണിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവര്‍ത്തിച്ച് വ്യക്തമാക്കി. മാണിയുടെ കാര്യത്തില്‍ നിലപാട് മാറ്റേണ്ട ഒരു കാര്യവുമില്ലെന്ന് കാനം പ്രതികരിച്ചു. സി.പി.ഐ സംസ്ഥാന സമ്മേളനത്തിലും മാണിക്കെതിരെ വിമര്‍ശനം ഉയരും. മാണിയെ മുന്നണിയിലെടുക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന നിലപാടാകും സമ്മേളനത്തില്‍ ഉയരുക.

കെ.എം. മാണി നേരത്തെ സി.പി.ഐയെക്കുറിച്ചും കാനത്തിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കും പ്രതിനിധികള്‍ മറുപടി നല്‍കും. കോണ്‍ഗ്രസുമായി പ്രാദേശികതലത്തില്‍ സഖ്യങ്ങളാകാം എന്ന സി.പി.ഐ നിലപാടും സുധാകര്‍ റെഡ്ഡി വ്യക്തമാക്കി. ബി.ജെ.പിയാണ് മുഖ്യശത്രു.കേരളത്തില്‍ ജെ.ഡി.യുവിനെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.













