കെവിന്റെ കൊലപാതകം: നീനുവിന്റെ മാതാവിനായി തിരച്ചില്‍ ശക്തം


കോട്ടയം: കെവിന്റെ മരണത്തില്‍ നീനുവിന്റെ അമ്മ രഹ്നക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. നീനുവിന്റെ മാതാപിതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച്‌ അറിയാമായിരുന്നെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് രഹ്നക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. നീനുവിന്റെ പിതാവിനും സഹോദരനും സംഭവത്തില്‍ പങ്കുള്ളത് നേരത്തെ പൊലീസ് വിശദമാക്കിയിരുന്നു. എന്നാല്‍ രഹ്നയുടെ പങ്കെന്താണെന്ന കാര്യം വിശദമാക്കിയിരുന്നില്ല.


മറ്റ് പ്രതികള്‍ക്കൊപ്പം രഹ്നക്കായുള്ള തിരച്ചില്‍ ശക്തമാണ്. ഇവരെ സുരക്ഷിതമായ എവിടെയെങ്കിലും ഒളിവില്‍ താമസിപ്പിച്ചിരിക്കുകയാണെന്ന കണക്ക് കൂട്ടലിലാണ് പൊലീസ് ഉള്ളത്. തെന്മലയിലേയും തമിഴ്നാട്ടിലേയും ബന്ധുവീടുകളിലും തിരച്ചില്‍ നടക്കുന്നുണ്ട്.


നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ ഭാര്യ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. എന്നാല്‍ പൊലീസ് അന്വേഷണത്തിന്റെ വിവരങ്ങള്‍ പ്രതികള്‍ക്ക് ലഭിക്കുന്നതായി സൂചനയുണ്ട്. അതേസമയം കേസിലെ മുഖ്യപ്രതികളായ ഷാനു ചാക്കോ, അച്ഛന്‍ ചാക്കോ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും പൊലീസ് നല്‍കും. കസ്റ്റഡിയിലുള്ള 2 പൊലീസുകാര്‍ കുറ്റകൃത്യത്തിനായി ഷാനുവിനെ സഹായിച്ചതായി തെളിവില്ലെന്നാണ് പൊലീസ് വിശദികരിക്കുന്നത്.

എന്നാല്‍ കേസില്‍ പൊലീസിന്റെ വീഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പുലര്‍ച്ചെ മൂന്നര തന്നെ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നുവെന്നാണ് ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ച സംഘം കണ്ടെത്തിയത്. കേസില്‍ ഇതുവരെ 9 പേരാണ് അറസ്റ്റിലായിട്ടുള്ളത്.



Sharing is Caring