കെപിസിസി രാഷ്ട്രീയ സമിതി ഇന്ന്;സോളാര്‍ റിപ്പോര്‍ട്ടിലെ നടപടികള്‍ ചര്‍ച്ചയാകും


കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സോളാര്‍ റിപ്പോര്‍ട്ട് നവംബര്‍ ഒന്നിന് നിയമസഭയില്‍ സമര്‍പ്പിക്കാനിരിക്കെ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മറികടക്കാം എന്നാകും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്.
സോളാര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ അധികവും എ ഗ്രൂപ്പ് വിഭാഗത്തില്‍പ്പെട്ടവരാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന ഭിന്നത വി ഡി സതീശനിലൂടെ പുറത്തുവരികയും ചെയ്തു.


കടുത്ത വിമര്‍ശനമായിരുന്നു സതീശന്‍ ഉന്നയിച്ചത്. രാഷ്ട്രീയകാര്യ സമിതിയില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഭിന്നത മറനീക്കും.
രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയത്.


റിപ്പോര്‍ട്ടിന്മേല്‍ ആരോപണവിധേയരായ നേതാക്കള്‍ക്കുള്‍പ്പെടെ പൂര്‍ണ്ണപിന്തുണയാണ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. ഇത് ആരോപണവിധേയര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി
അതേസമയം, റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന ആവശ്യവും രാഷ്ട്രീയകാര്യ സമിതിയില്‍ ഉയരും. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും വിവരാവകാശ കമ്മീഷനും ഉമ്മന്‍ചാണ്ടി കത്തു നല്‍കിയിരുന്നു. എന്നാല്‍ നിയമസഭയില്‍വെക്കാതെ റിപ്പോര്‍ട്ട് ലഭ്യമാക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യവും യോഗം ചര്‍ച്ചചെയ്‌തേക്കും.



Sharing is Caring