കെഎസ‌്ആർടിസിയെ മൂന്ന‌് മേഖലയാക്കി തിരിച്ച‌് ഉത്തരവായി. തിരുവനന്തപുരം മേഖലയുടെ ഉദ‌്ഘാടനം ബുധനാഴ‌്ച പകൽ 11ന‌് തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. എറണാകുളം, കോഴിക്കോട‌് മേഖലകളുടെ പ്രഖ്യാപനവും ബുധനാഴ‌്ച നടക്കും.
കെഎസ‌്ആർടിസിയുടെ സാമ്പത്തികപ്രതിസന്ധി പഠിക്കാനായി സർക്കാർ നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ടുപ്രകാരമാണ‌് കെഎസ‌്ആർടിസിയെ മൂന്ന‌് ലാഭകേന്ദ്രമാക്കി വികസിപ്പിക്കുന്നത‌്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ദക്ഷിണ മേഖലയിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾ മധ്യമേഖലയിലും മലപ്പുറം, പാലക്കാട‌്, കോഴിക്കോട‌്, വയനാട‌്, കണ്ണൂർ, കാസർകോട‌് ജില്ലകൾ ഉത്തരമേഖലയിലുമായിരിക്കും. ദക്ഷിണമേഖലയുടെ ആസ്ഥാനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയും മധ്യ മേഖലയുടേത‌് എറണാകുളം ജെട്ടിയും ഉത്തരമേഖലയുടേത‌് കോഴിക്കോടുമായിരിക്കും. മൂന്ന‌് എക‌്സിക്യൂട്ടീവ‌് ഡയറക്ടർമാർക്ക‌് മുന്ന‌് മേഖലകളുടെ ചുമതല നൽകി. ജി അനിൽകുമാർ (ദക്ഷിണമേഖല), എം ടി സുകുമാരൻ (മധ്യമേഖല), സി വി രാജേന്ദ്രൻ (ഉത്തരമേഖല) എന്നിവർക്കാണ‌് ചുമതല.

നിലവിലുള്ള അഞ്ച‌് സോണുകളിൽ കൊല്ലം, തൃശൂർ സോണുകൾ ഒഴികെയുള്ള മറ്റ‌് സോണുകൾ നിലവിലുള്ള മേഖല ഓഫീസുകളിൽ നിലനിർത്തും. മേഖല വിഭജനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ വിവിധ മേഖലകളിലേക്ക‌് സ്ഥലംമാറ്റിയിട്ടുണ്ട‌്.













