മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി, ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദി (20)നെ ആലപ്പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകസമയത്ത് മുഹമ്മദ് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനായിരുന്നു പരിശോധന.
മുഹമ്മദിനെയുംകൊണ്ട് ആലപ്പുഴ വാടക്കനാലിൽ രണ്ടുദിവസം പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. സംഭവശേഷം ആലപ്പുഴയിലെത്തിയ മുഹമ്മദ് മൊബൈൽ ഫോൺ കനാലിലേക്ക് എറിഞ്ഞെന്നാണ് അന്വേഷണസംഘത്തിന് നൽകിയ മൊഴി. മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഞായർ, തിങ്കൾ ദിവസങ്ങളിലാണ് തെളിവെടുപ്പിനെത്തിച്ചത്. മുഹമ്മദിന്റെ മൊബൈൽ ഫോണിൽനിന്നാണ് പോപ്പുലർ ഫ്രണ്ട്‐എസ്ഡിപിഐ കൊലയാളിസംഘത്തെ വിളിച്ചുവരുത്തിയത്.

എന്നാൽ മുഹമ്മദിന്റെ മൊഴി അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് നിഗമനം. അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം മുഹമ്മദും കുടുംബാംഗങ്ങളും ഒളിവിലായിരുന്നു. കഴിഞ്ഞ 18നാണ് മുഹമ്മദിനെ പിടികൂടിയത്. കേസിൽ ആദ്യം പിടിയിലായ നിസാർ, അനൂപ്, ആദിൽ, ഷാനവാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൊലപാതകം ആസൂത്രണം ചെയ്യുന്നതിലടക്കം ഗൂഢാലോചനയിൽ പങ്കെടുത്തയാളാണ് ആദിൽ. മറ്റുള്ളവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണ്. ഇവരെ ചോദ്യംചെയ്യുകയാണ്.
അതേസമയം അഭിമന്യുവധത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴു പേരെക്കൂടി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഹാദിയ വിഷയത്തിൽ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ കേസിലെ പ്രതികളാണിവർ. വിവിധ ജില്ലകളിൽനിന്നു കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഷെമീർ, മുജീബ്, ലത്തീഫ്, ഹനീഫ, നൗഷാദ്, അബ്ദുൾ അസീസ്, നൗഫൽ എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.













