കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് ദുബായ് യാത്രാ ഓഫറുമായി കോണ്‍ഗ്രസ് എം.എല്‍.എ


ലുധിയാന: പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിക്കുന്ന വാര്‍ഡ് കൗണ്‍സിലര്‍ക്ക് ദുബായ് യാത്രാ ഓഫറുമായി കോണ്‍ഗ്രസ് എം.എല്‍.എ. ലുധിയാന ഈസ്റ്റിലെ എം.എല്‍.എ ആയ സഞ്ജയ് തല്‍വാറാണ് പ്രഖ്യാപനം നടത്തിയത്.വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലുധിയാന എം.പിയായ രണ്‍വീത് സിങ് ബിട്ടുവിന് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് നേടിക്കൊടുക്കുന്ന വാര്‍ഡിന്റെ കൗണ്‍സിലര്‍ക്കാണ് ഈ ഓഫര്‍.


‘ഈ പ്രഖ്യാപനം ഒരു തരത്തിലുള്ള തെറ്റോ തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമോ അല്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ആവേശം ഉണ്ടാക്കാനുള്ള ഒരു വഴി മാത്രം. ഇത് ഞാന്‍ അധ്വാനിച്ച്‌ നേടിയ എന്റെ പണമാണ്. മറ്റാര്‍ക്കും ഇതില്‍ പ്രശ്‌നം ഉണ്ടാകില്ല. പാര്‍ട്ടി ഫണ്ടോ സര്‍ക്കാര്‍ ഫണ്ടോ അല്ല. ഇത് എന്റെ ഒരു രീതി മാത്രം.’ എം.എല്‍.എ വ്യക്തമാക്കി. എം.പി ബിട്ടു ഇത് വരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.


അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം അടക്കം ആഡംബര യാത്രയാണ് ഓഫര്‍. എം എല്‍ എയുടെ മണ്ഡലം ആയ ലുധിയാന ഈസ്റ്റിലെ കൗണ്‍സിലര്‍മാര്‍ക്ക് മാത്രമാണ് ഈ ഓഫര്‍. മൂന്ന് രാത്രിയും നാല് പകലുമാണ് യാത്ര. കുടുംബത്തേയും ഒപ്പം കൂട്ടാം. തന്റെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് താന്‍ തന്നെയാണ് ഈ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നത്. എം.എല്‍.എ വ്യക്തമാക്കി. എം.പി ബിട്ടുവിന്റെ സാന്നിധ്യത്തിലായിരുന്നു എം.എല്‍.എയുടെ പ്രസ്താവന. എം.പിയും ഈ പ്രഖ്യാപനത്തില്‍ സന്തോഷവാനെന്നാണ് വിവരം.

എം.എല്‍.എ നേരത്തെ നടത്തിയ ഒരു പ്രഖ്യാപനത്തിലെ വിജയിയായ ഹര്‍ജിന്തര്‍ പാല്‍ ല്ലലിക്ക് ചടങ്ങില്‍ വെച്ച്‌ സമ്മാനത്തുകയായ 11 ലക്ഷത്തിന്റെ ചെക്ക് കൈമാറി. ലുധിയാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വോട്ട് നേടിയ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആണ് ഹര്‍ജിന്തര്‍.



Sharing is Caring