തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവത്തിൽ കേരള കോൺഗ്രസ് (എം) നേതാവിനെതിരെ നടപടി. കേരള കോൺഗ്രസ് (എം) നേതാവ് ബാബു ജോസഫിനെതിരെയാണ് നടപടി. പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബാബു ജോസഫിൽ നിന്ന് രാജി എഴുതി വാങ്ങിച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബാബു ജോസഫിനെ നീക്കുകയും ചെയ്തു. ആക്രമണത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് സാരമായി പരിക്കേറ്റിരുന്നു.കുർബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയത്.
അക്രമികൾ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചിരുന്നു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് എത്തി പള്ളി പൂട്ടിച്ചിരുന്നു. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധം ഉയർത്തി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മുൻ വികാരി ജെറിൻ പാലത്തിങ്കലിന്റെ നേതൃത്വത്തിലാണ് സംഘർഷമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ ആരോപണം.സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോൺ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ പളളിയാണിത്. ഏറെ നാളായി ഇവിടേയും ഏകീകൃത കുർബാനയെ ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. പളളിക്കുളളിൽ വെച്ച് കയ്യേറ്റം ഉണ്ടായെന്ന് കാണിച്ച് ജോൺ തോട്ടുപുറം പൊലീസിൽ പരാതി നൽകുകയായിരുന്നു.അതെസമയം കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷമുണ്ടാക്കിയ അക്രമകാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാർ സഭ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഏകീകൃതരീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ അതീവ വേദനാജനകവും അപലപനീയവുമാണെന്ന് വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.
പ്രസാദഗിരി പള്ളിയിൽ വയോധികനായ ഫാ. ജോൺ തോട്ടുപുറത്തെ വിശുദ്ധ കുർബാനയർപ്പണത്തിനിടെ അൾത്താരയിൽനിന്ന് ബലപ്രയോഗത്തിലൂടെ ഇറക്കി വിടുകയും അക്രമാസക്തരായ ഏതാനുംപേർ ചേർന്നു തള്ളിമറിച്ചിടുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ദൈവ വിശ്വാസികൾക്ക് വേദനയുണ്ടാക്കുന്നു. സാമാന്യ ബോധമുള്ളവർക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ക്രൂരതയാണ് അരങ്ങേറിയത്. പരിശുദ്ധ കുർബാന ചൊല്ലിക്കൊണ്ടിരുന്ന കാർമികനെ ബലപ്രയോഗത്തിലൂടെ തള്ളിവീഴ്ത്തുകയും, അതിവിശുദ്ധസ്ഥലമായ മദ്‌ബഹായുടെ പരിശുദ്ധി കളങ്കപ്പെടുത്തുകയും ചെയ്തതുവഴി എന്തു നേട്ടമാണ് അക്രമകാരികൾ സ്വന്തമാക്കിയതെന്നും സിറോ മലബാർ സഭ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചോദിച്ചിരുന്നു.
സഭയെ അനുസരിക്കാൻ തയ്യാറാകുന്നവരെ അക്രമങ്ങളിലൂടെ ഒറ്റപ്പെടുത്താനും നിർവീര്യമാക്കാനും ശ്രമിക്കുമ്പോൾ ഒരു കാര്യം പകൽപോലെ വ്യക്തമാണ്, ഹീനമായ ഒറ്റപ്പെടുത്തലിലൂടെയും ഭയാനകമായ ഭീഷണികളിലൂടെയും ക്രൂരമായ ശാരീരിക ഉപദ്രവങ്ങളിലൂടെയുമാണ് അനേകം വൈദികരെ ഇവർ സ്വാധീനിക്കുന്നത്. അക്രമങ്ങളും ഭീഷണികളും ഒറ്റപ്പെടുത്തലുകളും നിലച്ചാൽ കുറേയേറെ വൈദികർ സഭയെ അനുസരിക്കാൻ തയ്യാറാകുമെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയ സംഭവം കൂടിയാണ് പ്രസാദഗിരി ഇടവകപ്പള്ളിയിൽ നടന്നത്. സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കായി പള്ളിയുടെ സമ്പത്ത് ദുരുപയോഗിക്കുകയും ക്രമസമാധാനപാലകരായ പൊലീസിനെ ഭീഷണികളിലൂടെ നിർവീര്യമാക്കുകയും ചെയ്ത് അതിരൂപതയിൽ അരാജകത്വം വിതയ്ക്കുന്ന വൈദികരും അൽമായരും മിശിഹായുടെ ശരീരമാകുന്ന സഭയെയാണ് മുറിപ്പെടുത്തുന്നതെന്നോർക്കണമെന്നും വാർത്താക്കുറിപ്പിലുണ്ട്.













