കുല്‍ഭൂഷന്റെ ഭാര്യയുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ഇന്ത്യ

ചാരവൃത്തിയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി നല്‍കിയ പാക്കിസ്ഥാന്‍ തീരുമാനത്തോടു പ്രതികരിച്ച് ഇന്ത്യ.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനൊപ്പമേ കുല്‍ഭൂഷണിന്റെ ഭാര്യയും അമ്മയും അദ്ദേഹത്തെ കാണാന്‍ എത്തുകയുള്ളുവെന്നും, കുല്‍ഭൂഷണിന്റഎ കുടുംബാംഗങ്ങളുടെ സുരക്ഷ പാക്കിസ്ഥാന്‍ ഉറപ്പുനല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ ചോദ്യംചെയ്യാനോ അപമാനിക്കാനോ ശ്രമിക്കില്ലെന്നു പാക്കിസ്ഥാന്‍ ഉറപ്പുനല്‍കണമെന്നും ഇന്ത്യ പാക്കിസ്ഥാനു മറുപടിയായി നല്‍കിയ കത്തില്‍ പറയുന്നു.

അടുത്തിടെയാണ് ഇന്ത്യയെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യക്കു പാക്കിസ്ഥാന്‍ അനുമതി നല്‍കിയത്. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതി നല്‍കിയിരിക്കുന്നതെന്നാണു പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്‌കലില്‍നിന്നാണ് ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. റിട്ടയര്‍ ചെയ്തശേഷം ഇറാനിലെ ചബഹര്‍ തുറമുഖപട്ടണത്തില്‍ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു ഇദ്ദേഹം. ഇന്ത്യയുടെ വിദേശചാരസംഘടനയായ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്)യുടെ ഏജന്റായി ജാദവ് ബലൂചിസ്ഥാനില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണു പാക് ചാരസംഘടന ഐഎസ്‌ഐ ആരോപിക്കുന്നത്. മഹാരാഷ്ട്രയിലെ സാംഗ്‌ളി സ്വദേശിയാണ് ജാദവ്.

കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ വാദങ്ങളെല്ലാം തള്ളിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *