കുല്‍ദീപില്‍ കുരുങ്ങി ഓസീസ്

ധര്‍മശാലയിലെ അടര്‍ക്കളിത്തിലേക്ക് ഇന്ത്യയിറക്കിവിട്ട പുത്തന്‍ പ്രതിഭ കുല്‍ദീപ് യാദവ് ഓസീസിനെ ഒതുക്കി.അരങ്ങേറ്റത്തില്‍ തന്നെ ഈ ഇടംകൈയ്യന്‍ സ്പിന്നര്‍ നിറഞ്ഞാടിയതോടെ വന്‍ സ്‌കോറെന്ന ഓസ്‌ട്രേലിയന്‍ സ്വപ്‌നം തകരുകയായിരുന്നു.നായകന്‍ സ്മിത്ത് സെഞ്ചുറി കുറിച്ചെങ്കിലും അവരുടെ ഇന്നിംഗ്‌സ് 300 റണ്‍സിലവസാനിച്ചു.ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു പകരക്കാരനായിറങ്ങിയ കുല്‍ദീപ് നാലു വിക്കറ്റുകള്‍ വീഴ്ത്തി.

തുടക്കത്തില്‍ ഓപ്പണര്‍ റെന്‍ഷായെ ഒരുറണ്‍സിന് നഷ്ടമായെങ്കിലും സ്മിത്തിന്റെയും വാര്‍ണറുടെയും മികവില്‍ പിടിച്ചുകയറിയ ഓസീസ് ഉച്ചഭക്ഷണസമയത്ത് ഒന്നിന് 132 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു.കുല്‍ദീപിന്റെ തിരിയുന്ന പന്തുകളില്‍ മധ്യനിര തകര്‍ന്നതോടെ ഓസീസിന്റെ പതനം തുടങ്ങി.അവസാനത്തെ ഒന്‍പതു വിക്കറ്റുകള്‍ 169 റണ്‍സിന് നിലംപൊത്തി.
ഒരറ്റത്ത് സ്മിത്ത് പൊരുതി നിന്ന് സെഞ്ചുറി തികച്ചപ്പോള്‍ കൂട്ടുകാരില്‍ പലരും അനാസായം കീഴടങ്ങി.സ്മിത്ത് 111 റണ്‍സ് സ്വന്തം പേരിലെഴുതി.ഈ പരമ്പരയില്‍ സ്മിത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. ഇതോടെ ടെസ്റ്റില്‍ സ്മിത്തിന് 20 സെഞ്ചുറിയായി. സ്മിത്തിനു പുറമെ വാര്‍ണറും (56) മാത്യൂ വേഡും (57) മാത്രമാണ് ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ അല്‍പ്പമെങ്കിലുംപിടിച്ചുനിന്നത്.

ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഓസീസിന് ഓപ്പണര്‍ റെന്‍ഷായെ പെട്ടെന്ന് നഷ്ടമായി. റെന്‍ഷായെ ഉമേഷ് യാദവ് പുറത്താക്കി. തുടര്‍ന്ന് വാര്‍ണര്‍ക്കൊപ്പം നായകന്‍ സ്മിത്ത് ചേര്‍ന്നതോടെ ഓസീസിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിച്ചുതുടങ്ങി.നൂറിലേറെ റണ്‍സ് അടിച്ചെടുത്ത ഈ കൂട്ടുകെട്ടിനെ കുല്‍ദീപ് തകര്‍ത്തു.വാര്‍ണറെ കുല്‍ദീപ് , കോഹ്‌ലിക്കു പകരം ടീമിനെ നയിച്ച രഹാനയുടെ കൈകളിലെത്തിച്ചു.തുടര്‍ന്ന് ഓസീസിന്റെ വിക്കറ്റുകള്‍ ഒരോന്നായി നിലം പൊത്തി.മാര്‍ഷും ഹാന്‍ഡ്‌സ്‌കോമ്പും മാക്‌സ്‌വെല്ലും ഓകീഫും രണ്ടക്കം കടന്നില്ല.ഹെയ്‌സല്‍ വുഡ് 2 റണ്‍സുമായി പുറത്താകാതെ നിന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *