”കുലസ്ത്രീകള്‍ എന്ന് വിളിച്ചതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്”; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെതിരെ ശോഭാ സുരേന്ദ്രന്‍

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ്. ചിത്രത്തെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേരാണ് രംഗത്തുവരുന്നത്. ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ വിമര്‍ശനം.

പുരോഗമനം എന്നാല്‍ വിശ്വാസവിരുദ്ധതയാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതിന് അവര്‍ ആദ്യം ആക്രമിക്കാന്‍ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്‌കാരത്തെയുമാണെന്ന് ശോഭ വിമര്‍ശിച്ചു. ഈ കൂട്ടര്‍ തന്നെയല്ലേ വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകള്‍’ എന്ന് വിളിച്ചത്, അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളതെന്നാണ് ശോഭ സുരേന്ദ്രന്‍റെ ചോദ്യം. കരിക്കലങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകള്‍ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്. അതുകൂടി തകര്‍ത്തു കഴിഞ്ഞാല്‍ ജീവിതത്തിന്റെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ഭാരത സംസ്‌കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ സംസ്‌കാരത്തിന്റെ ആതിഥ്യമര്യാദയും ഉള്‍ക്കൊള്ളല്‍ മനോഭാവവുമാണ്. നമ്മുടെ നാട്ടില്‍ വന്നവരെയെല്ലാം കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളു നാം. നമ്മുടെ പാരമ്പര്യത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ തന്നെ, അവരില്‍നിന്ന് ഉള്‍ക്കൊള്ളേണ്ടത് നാം ഉള്‍ക്കൊണ്ടിട്ടുണ്ട്. പഠിക്കേണ്ടത് പഠിച്ചിട്ടുണ്ട്. ആ സാമൂഹ്യ ജൈവപ്രക്രിയയാണ് ഇന്നിന്റെ ലോകത്തെ ഇത്ര പുരോഗമനപരമാക്കിയത്.

പക്ഷേ നിര്‍ഭാഗ്യവശാല്‍, പുരോഗമനം എന്നാല്‍ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിന് അവര്‍ ആദ്യം ആക്രമിക്കാന്‍ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്‌കാരത്തെയുമാണ്. ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാന്‍ ഒരു സിനിമയെടുക്കുമ്പോള്‍ പോലും ശരണം വിളികള്‍ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമനത്തെ ഈ കൂട്ടര്‍ മനസ്സിലാക്കിയിരിക്കുന്നത്. ഈ കൂട്ടര്‍ തന്നെയല്ലേ വിശ്വാസസംരക്ഷകരായ സ്ത്രീകളെ അപമാനിക്കാനായി ‘കുലസ്ത്രീകള്‍’ എന്ന് വിളിച്ചത്? അതിലും വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത്?

ശരാശരി മധ്യവര്‍ഗ്ഗ വീടുകളുടെ അടുക്കളയിലെ കരിക്കലങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന ഒരുപാട് സ്ത്രീകള്‍ ഈ നാട്ടിലുണ്ട്. പക്ഷേ അവരുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് ഈശ്വരനിലുള്ള അടിയുറച്ച വിശ്വാസം കൂടിയാണ്. അതുകൂടി തകര്‍ത്തു കഴിഞ്ഞാല്‍ ജീവിതത്തിന്റെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ചു പോയേക്കാവുന്ന ഒരുപാട് സ്ത്രീകളുണ്ട്. അവരെയും കൂടി അംഗീകരിച്ചുകൊണ്ട് മാത്രമേ സ്ത്രീ സംബന്ധിയായ ഏത് വിഷയത്തിലും നിങ്ങള്‍ക്ക് പുരോഗമനം കണ്ടെത്താന്‍ കഴിയൂ. ഇന്‍ക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാന്‍ കഴിയില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *