കുന്നത്തുനാട്‌ എം.എല്‍.എയുടെ ഭാര്യയുടെ ഫോണ്‍ സംഭാഷണം വിവാദത്തില്‍


കുന്നത്തുനാട്ടിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയും സിറ്റിങ്‌ എം.എല്‍.എയുമായ വി.പി. സജീന്ദ്രനെ വിജയിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകയും സജീന്ദ്രന്റെ ഭാര്യയുമായ ലേബി സജീന്ദ്രന്‍ വിവാദക്കുരുക്കില്‍. സജീന്ദ്രന്റെ വിജയത്തിനുവേണ്ടി മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ലേബി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെയാണ്‌ ഇതുസംബന്ധിച്ച വിവാദം ഉയര്‍ന്നത്‌. സജീന്ദ്രനെ തോല്‍പ്പിക്കാന്‍ മണ്ഡലത്തില്‍ രംഗത്തിറങ്ങിയിട്ടുള്ള ആളുകളെ കണ്ടെത്താനും അവരെ നിരീക്ഷിക്കാനും ലേബി ഫോണിലൂടെ നിര്‍ദേശം നല്‍കുന്ന ശബ്‌ദരേഖയാണ്‌ സമൂഹമാധ്യമങ്ങള്‍ വഴി ഇന്നലെ പുറത്തുവന്നത്‌. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും നേതാക്കളുമായ പലരുടെയും പേരുകള്‍ പരാമര്‍ശിക്കുന്ന സംഭാഷണം വിവാദമായതോടെ താന്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന ലേബിയുടെ ഫെയ്‌സ്‌ബുക്ക്‌ സന്ദേശം ഇന്നലെ രാവിലെ പുറത്തുവന്നിരുന്നു. ലേബിയുടേതെന്ന്‌ കരുതപ്പെടുന്ന ഓഡിയോ സന്ദേശം ഇടതുമുന്നണി കുന്നത്തുനാട്ടില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നെന്ന വിവരം ലഭിച്ചതോടെ ദിവസങ്ങളായി കടുത്ത മാനസികസംഘര്‍ഷത്തില്‍ അകപ്പെട്ട ലേബിയെ ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. സി.പി.എമ്മിന്റെ മുഖപത്രം ഇന്നലെ ലേബിയുടെ സംഭാഷണങ്ങളുടെ പൂര്‍ണരൂപം വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതേസമയം ഫോണ്‍ സംഭാഷണത്തിന്റെ വാസ്‌തവം സംബന്ധിച്ച്‌ ലേബി ഫെയ്‌സ്‌ബുക്കിലൂടെ തന്നെ സംശയമുയര്‍ത്തിയിരുന്നു. പല സമയങ്ങളിലായി താന്‍ നടത്തിയ സംഭാഷണങ്ങള്‍ എഡിറ്റ്‌ ചെയ്‌ത്‌ കുടുക്കണമെന്ന ലക്ഷ്യത്തോടെ പുറത്തുവിടുകയായിരുെന്നന്ന്‌ ലേബി ആരോപിച്ചു. ഇതേസമയം ഈ വിഷയം കുന്നത്തുനാട്ടില്‍ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ്‌ ഇടതുമുന്നണിയുടെ ശ്രമം. യു.ഡി.എഫിലെ പല നേതാക്കള്‍ക്കുമെതിരേ ഇപ്പോള്‍ ചോര്‍ന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശമുള്ളത്‌ പാര്‍ട്ടി തലത്തിലും സജീന്ദ്രന്‌ തലവേദനയാവുകയാണ്‌.




Sharing is Caring