കനത്ത മഴ നിര്‍ത്താതെ പെയ്യുന്നതുകാരണം കേരളം കഴിഞ്ഞയാഴ്ചയിലും വലിയ ദുരിതത്തിലേക്കു നീങ്ങുന്നു. 39 ഡാമുകളില്‍ 33 എണ്ണവും തുറന്നുവിട്ടിരിക്കുകയാണ്. ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 26 ആയി. പത്തോളം പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്തെ ഏതാണ്ടെല്ലാ പുഴകളും കരകവിഞ്ഞൊഴുകുകയാണ്.
14 ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു
മദ്റസകള്‍ക്കും ബോര്‍ഡ് അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് എല്ലായിടത്തും അതീവ ജാഗ്രതാ നിര്‍ദേശം
യൂനിവേഴ്സിറ്റികള്‍ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി
ഓഗസ്റ്റ് 31ന് തുടങ്ങേണ്ടിയിരുന്ന ഓണപ്പരീക്ഷ മാറ്റി
അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളമൊഴുക്കി വിടുന്നതിന്റെ അളവ് കൂട്ടി
മുല്ലപ്പെരിയാറും ചെറുതോണിയും എല്ലാ ഷട്ടറുകളും തുറന്നുകിടക്കുന്നു
ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലകള്‍ മലപ്പുറം, ഇടുക്കി, കോഴിക്കോട്, വയനാട്
മലപ്പുറത്ത് ബുധനാഴ്ച മാത്രം മരിച്ചത് 12 പേര്. മെയ് 29 മുതല്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 36 ആയി.
പല സ്ഥലങ്ങളിലും വൈദ്യുതിബന്ധം വിച്ഛേദിച്ചു
ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍
അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
കോഴിക്കോട്
ദേശീയപാതയില്‍ കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ ഗതാഗതം തടസപ്പെട്ടു. പൂനൂര് പുഴ കരകവിഞ്ഞൊഴുകിയതോടെ റോഡ് മുങ്ങി.
ചാലിയാര്‍ പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ മാവൂര്‍ , പരിസര പ്രദേശങ്ങളിലും നിരവധി വീടുകളില്‍ വെള്ളം കയറി 150 ഓളം വീടുകള്‍ ഒഴിപ്പിച്ചു.
കോഴിക്കോട് കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങള്‍ വന്നു മൂടിയ പാലത്തിലെ മരങ്ങള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു.
താമരശ്ശേരിയില്‍ തോട്ടില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയ്ക്കായി ഇന്നും തെരച്ചില്‍ തുടരുന്നു.
കോഴിക്കോട് നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയില്‍
മാവൂര്‍ കോഴിക്കോട് റോഡില്‍ വെള്ളം കയറിയതിനാല്‍ മാവൂര്‍, കൂളിമാട് ,അരീക്കോട് ഭാഗത്തേക്കുള്ള ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെച്ചു.
മാവൂരില്‍ 300 ഓളം വീടുകള്‍ ഒഴിപ്പിച്ചു
മാവൂര്‍ കൊടിയത്തൂര്‍ ചാത്തമംഗലം പഞ്ചായത്തുക്കളിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
കണ്ണപ്പന്‍കുണ്ടില്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും
വയനാട്
ബാണാസുര സാഗറിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തില്ല.
മൈസൂര്‍ കോഴിക്കോട് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.
ദേശീയപാതയിലെ തകരപ്പാടി പൊന്‍കുഴി പ്രദേശം വെള്ളത്തിലായി. വനത്തിലൂടെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്
ഏതാണ്ട് 17,000 ത്തോളം പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍
ദുരിതം ബാധിച്ചവർ അരലക്ഷം പേർ
പല സ്ഥലങ്ങളും ഒറ്റപ്പെട്ടു, യാത്രയും ദുഷ്കരം
മലപ്പുറം
മലപ്പുറത്തു മാത്രം ഇന്നു മരിച്ചത് 12 പേരാണ്. ക്യാംപുകളുടെ എണ്ണം 16
ക്യാംപില്‍ 352 കുടുംബം (490 പുരുഷന്, 525 സ്ത്രീകള്‍, കുട്ടികള്‍ 403 ആകെ 1418
മലപ്പുറം കണ്ണമംഗലം തോട്ടശ്ശേരിയില്‍ ഉരുള്‍പൊട്ടല്‍
പെരിന്തല്‍മണ്ണ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. കൂട്ടിലങ്ങാടിയിലാണ് വെള്ളം കയറിയത്.
തിരൂർക്കാട് നിർമാണത്തിലിരിക്കുന്ന പള്ളി തകർന്നുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കണ്ണൂര്‍
മലയോര മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.
എടക്കാനത്ത് ഒരുവീട് ഇന്നലെ പൂര്‍ണമായും തകര്‍ന്നു ജില്ലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ 15 കുടുംബങ്ങളെ മാറ്റി
ജപ്പാന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ അവതാളത്തിലായി
തൃശ്ശൂര്‍
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകള്‍ 40 സെന്റീ മീറ്റര്‍ വീതവും പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ 19 ഇഞ്ച് വീതവും വാഴാനി ഡാമിന്റെ നാല് ഷട്ടറുകള്‍ 20 സെന്റീമീറ്ററും വീണ്ടും ഉയര്‍ത്തി.
പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസുകളും ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ അതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
അതിരപ്പള്ളി. വാല്‍പ്പാറ റൂട്ടില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
എറണാകുളം
റണ്‍വേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാലു ദിവസത്തേക്ക് വിമാന സര്‍വ്വീസ് നിര്‍ത്തി.
നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.
പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം മേഖല വെള്ളത്തിനടിയിലായി. ലേബര്‍ ക്യാമ്പുകള്‍ മുങ്ങി.
കോടനാട് അഭയാരണ്യത്തിലേക്കുള്ള ഏക സഞ്ചാരമാര്‍ഗമായ പാലം വെള്ളത്തില്‍ മുങ്ങി.
കോതമംഗലം തങ്കളം ജവഹര്‍ കോളനിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.
കോതമംഗലം ടൗണ്‍ യുപി സ്കൂളിലേക്കാണ് 33 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത്.
ഇടമലയാര്‍ ഡാം സംഭരണ പരിധിക്കപ്പുറം തുടരുന്നു. ഡാമിലെ ജലനിരപ്പ് 169.15 മീറ്ററിലെത്തി.
പരമാവധി സംഭരണശേഷി 169 മീറ്ററാണ്.
മൂന്നാര്‍ ഹെഡ് വര്‍ക്സ് ഡാം തുറന്നതിനെ തുടര്‍ന്ന് പള്ളിവാസലില്‍ ആറ്റുകാട് പാലത്തില്‍ വെള്ളം കയറി.
പെരിയാറിന്റെ തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകളിലും വെള്ളം കയറി.
ആലുവ മണപ്പുറം പൂര്‍ണ്ണമായും മുങ്ങി.
കാലടി ചെങ്ങല്‍, വട്ടത്തറ മേഖല പൂര്‍ണമായും വെള്ളത്തിനടിയിലായി
തുറവുംകര നിന്നും ആളുകളെ മാറ്റി.
പെരിയാറിലെ ജലനിരപ്പ് ആശങ്ക ഉണ്ടാക്കും വിധം ഉയര്‍ന്നു.
പത്തനംതിട്ട
പെരുനാട് മടത്തുംമൂഴിയില്‍ ഉരുള്‍ പൊട്ടി മണ്ണാറകളഞ്ഞി ചാലക്കയം പാതയില്‍ വെള്ളം കയറി.
പെരുന്തേനരുവിക്ക് മുകളില്‍ അറയാഞ്ഞലി മണ്ണില്‍ പമ്പാനദിക്ക് കുറുകെയുള്ള തൂക്ക് പാലീ ഒലിച്ചുപോയി.
അറയാഞ്ഞലി മണ്ണ് ആദിവാസി മേഖല ഒറ്റപ്പെട്ടു. വയ്യാറ്റുപുഴ സ്കൂളിന് മുകളില്‍ ട്രാന്‍സ്ഫോര്‍മ റിനു സമീപത്ത് വനത്തിലാണ് ഉരുള്‍ പൊട്ടിയത്.
മീന്‍കുഴി റോഡില്‍ ഗതാഗതം തടസപ്പെട്ടു. റാന്നി, വടശ്ശേരിക്കര മേഖലകള്‍ ഒറ്റപ്പെട്ടു.
വനമേഖലയില്‍ ഉരുള്‍ പൊട്ടി. ശബരിമലയും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒറ്റപ്പെട്ടു.
ത്രിവേണിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
പമ്പ നദി കരകവിഞ്ഞ് ഒഴുകുകയാണ്. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായി.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്കി.
പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പലയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്.
ആറന്മുളയടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളത്തനടിയിലായി.
ഇടുക്കി
മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. ഹോട്ടലിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ചത്.
ഇടുക്കിയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേര് അഭയം തേടി. കുടുതല്‍ ക്യാമ്പുകള്‍ തുറക്കുന്നു.
ഇടുക്കി നേര്യമംഗലം പാത യില്‍ പാബ്ല മുതല്‍ ചെറുതോണി വരെ പത്ത് സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
അടിമാലി ഇടുക്കി റോഡും കരിമ്പന്‍ മുരിക്കാശ്ശേരി റോഡും നിരവധി സ്ഥലങ്ങളില്‍ തടസ്സപ്പെട്ടു.
ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
ആലപ്പുഴ
ആലപ്പുഴ പുറങ്കടലില്‍ മല്‍സ്യബന്ധന ബോട്ടില്‍ വെള്ളം കയറി മൂന്ന് മല്‍സ്യത്തൊഴിലാളികളെ കാണാനില്ല.
നാലു പേരെ നാവിക സേന രക്ഷിച്ചു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങി.
പമ്പയാറ്റില്‍ നിന്ന് വീടുകളില്‍ വെള്ളം കയറിയതോടെ കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
കൊല്ലം
കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ കുളത്തുപ്പുഴ വെള്ളപ്പൊക്ക ഭീഷണിയില്‍.
തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ മുപ്പതടി പാലത്തില്‍ വെള്ളം കയറി.
ആദിവാസി മേഖലയായ 50 ഏക്കര്‍ പ്രദേശത്തെക്ക് എത്തിച്ചരാനുള്ള ഏക പാലം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
ശംഖിലി വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്.
തിരുവനന്തപുരം
തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ്.
ജഗതിയില്‍ കിള്ളിയാര്‍ തീരത്തുള്ള വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു.













