കുണ്ടറയിൽ വിഷ്ണുനാഥ് മതിയെന്ന് യൂത്ത് കോണ്‍ഗ്രസ്; വിമത ഭീഷണിയുമായി കല്ലട രമേശ്

കുണ്ടറയിൽ പി സി വിഷ്ണുനാഥിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. കൊല്ലം ഡിസിസിയുടെ മുന്നിലാണ് കുണ്ടറയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുപ്പ് പ്രതിഷേധം നടത്തിയത്.

കൊല്ലത്ത് ബിന്ദു കൃഷ്ണയെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് കുണ്ടറയിൽ പി സി വിഷ്ണുനാഥിന്റെ പേര് സജീവ പരിഗണനയ്ക്ക് എത്തിയത്. എന്നാൽ വിഷ്ണുനാഥിന് സീറ്റ് നൽകിയാൽ മുൻ മിൽമ ചെയർമാൻ കല്ലട രമേശ് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതേ തുടർന്നാണ് നേതൃത്വം കുണ്ടറയിലെ സ്ഥാനാർഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കാതിരുന്നത്. വിഷ്ണുനാഥിനെ വട്ടിയൂർകാവിൽ സ്ഥാനാർഥിയാക്കാനുളള നീക്കങ്ങൾക്കിടെയാണ് ഒരു വിഭാഗം പ്രവർത്തകർ ഡിസിസി ഓഫീസിൽ പ്രതിഷേധവുമായെത്തിയത്.

ആദ്യം സ്ഥാനാർഥിയായി തീരുമാനിച്ച വിഷ്ണുനാഥിനെ മാറ്റി മറ്റൊരാളെ നിർത്തിയാൽ തെരഞ്ഞടുപ്പ് വിജയത്തെ ബാധിക്കുമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്ക. ഇത് ചൂണ്ടിക്കാട്ടി കൊല്ലം ഡിസിസിക്കും കെപിസിസിക്കും പ്രാദേശിക നേതൃത്വം പരാതി നൽകിയിട്ടുണ്ട്. വിമത സ്വരം ഉയർത്തിയ കല്ലട രമേശിനെ ഇനി സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്നും കുണ്ടറയിലെ കോൺഗ്രസ് നേതാക്കൾ പറയുന്നു.

ആഴക്കടൽ മത്സ്യബന്ധന അഴിമതി ആരോപണം ഉയർത്തി മേഴ്സികുട്ടിയമ്മയെ ഇത്തവണ കുണ്ടറയിൽ തോൽപ്പിക്കാമെന്ന് കോൺഗ്രസ് കണക്ക് കൂട്ടിയെങ്കിലും സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ തിരിച്ചടി ആകുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *