കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കിയതിന് തമിഴ്നാട്ടില്‍ നാട്ടുകാര്‍ വൃദ്ധയെ തല്ലിക്കൊന്നു


ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച്‌ തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ വൃദ്ധയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. നാട്ടുകാരുടെ ആക്രമണത്തില്‍ സ്ത്രീയുടെ ബന്ധുവിനും ഡ്രൈവര്‍ക്കും ഗുരുതര പരിക്കേറ്റു. സംഭവത്തില്‍ കുറ്റക്കാരായ 23 നാട്ടുകാരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.


കുടുംബ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനാണ് കഴിഞ്ഞ ബുധനാഴ്‌ച മലേഷ്യയില്‍ നിന്നും കൊല്ലപ്പെട്ട സ്ത്രീയും ബന്ധുവും കൂടി തമിഴ്‌നാട്ടിലെത്തിയത്. ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ രാവിലെ 10.30ഓടെ വഴിയരികില്‍ കളിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ക്ക് സംഘം ചോക്ലേറ്റ് നല്‍കി. എന്നാല്‍ ഇത് കണ്ട് സംശയം തോന്നിയ ചില ഗ്രാമീണര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘമെന്ന് ആരോപിച്ച്‌ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴി മധ്യേ വീണ്ടും നാട്ടുകാരുടെ ആക്രമണമുണ്ടായി.


സംഭവമിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വൃദ്ധയെയും സംഘത്തെയും ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് വൃദ്ധ മരിക്കുന്നത്. അതേസമയം, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങള്‍ സജീവമാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടക്കുന്നുണ്ടെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും പൊലീസ് അറിയിച്ചു.



Sharing is Caring