ഖോരഖ്പുരിലെ കുട്ടികളുടെ മരണത്തെയും വെള്ളപ്പൊക്ക ദുരന്തത്തെയും ഒരു പോലെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനത്തെ വിമര്‍ശിച്ച് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്. പ്രകൃതിക്ഷോഭത്തെയും കുട്ടികളുടെ മരണത്തെയും ഒരു പോലെ കണ്ട പ്രധാനമന്ത്രിയുടെ നടപടി അപമാനകരമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി.
കുട്ടികളുടെ മരണം പോലുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി സൂക്ഷ്മതയോടെ വേണം പ്രതികരിക്കേണ്ടതെന്നും ശര്‍മ ചൂണ്ടിക്കാട്ടി. ജി.എസ്.ടിയുടെ കാര്യത്തില്‍ വലിയ അവകാശവാദമാണ് മോദി ഉന്നയിച്ചത്. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷമായി ജി.എസ്.ടി നടപ്പാക്കുന്നതിനെ മോദിയും ബി.ജെ.പിയും പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ തടസപ്പെടുത്തുകയാണ് ഉണ്ടായതെന്നും ശര്‍മ പറഞ്ഞു.
യു.പിയിലെ ഗോരഖ്പുരില്‍ ഒാക്സിജന്‍ ലഭിക്കാതെ നിരവധി കുട്ടികള്‍ മരിക്കാനിടയായ സംഭവം പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നിരപരാധികളായ നമ്മുടെ കുഞ്ഞുങ്ങള്‍ ആശുപത്രിയില്‍ മരിച്ചിരുന്നു. ദുരന്തം അതീവ ദുഖകരമാണ്. മരിച്ച കുട്ടികളുടെ കുടുംബത്തോടൊപ്പമാണെന്നും അവരുടെ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.













