കുട്ടികളിലെ സാമൂഹ്യ മാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയുമായി കര്‍ണാടക. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
സാങ്കേതികവിദ്യാധിഷ്ഠിത പഠന സംരംഭങ്ങള്‍ക്കൊപ്പം കുട്ടികളുടെ ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുയും ചെയ്യുന്ന വിധത്തില്‍ വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്നും സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കര്‍ണാടക.

മാനസികാരോഗ്യം, ഉറക്കം, സുരക്ഷ എന്നിവയെ സോഷ്യല്‍ മീഡിയ സ്വാധീനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിദേശ രാഷ്ട്രങ്ങള്‍ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ട്. ഡിസംബറില്‍, ഓസ്ട്രേലിയ 16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ ഉപയോഗത്തിന്റെ പ്രതികൂല ഫലങ്ങള്‍ തടയുകയാണ് 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.













