ബംഗളൂരുവിലും കാവേരി നദീതട ജില്ലകളിലും കര്‍ണാടക സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാവേരി വിഷയത്തില്‍ സുപ്രിം കോടതി ഇന്ന് വിധി പറയുന്നതിനോട് അനുബന്ധിച്ചാണ് നിരോധനാജ്ഞ. നേരത്തെ കാവേരിയില്‍ നിന്ന് ഡിസംബര്‍ വരെ തമിഴ്നാടിനു വെള്ളം അനുവദിക്കാനാകില്ലെന്ന് കര്‍ണാടക സുപ്രിം കോടതിയെ അറിയിച്ചു.
ഇന്നുവരെ പ്രതിദിനം 6,000 ഘനയടി ജലം തമിഴ്നാടിന് അനുവദിക്കണമെന്ന് ഇക്കഴിഞ്ഞ 20ന് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ ഇളവ് ആവശ്യപ്പെട്ടു നല്കിയ ഹരജിയിലാണ് ഡിസംബര്‍ വരെ വെള്ളം നല്‍കാനാകില്ലെന്ന് കര്‍ണാടക വ്യക്തമാക്കിയത്. ബംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ വരെ കുടിവെള്ള വിതരണം പോലും മുടങ്ങിയിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. 2016 അവസാനത്തോടെ മാത്രമേ എന്തെങ്കിലും പുരോഗതി പ്രതീക്ഷിക്കുന്നുള്ളൂ. അതിനാല്‍ 6,000 ഘനയടി വെള്ളം നല്‍കണമെന്ന ഉത്തരവ് ഇളവ് ചെയ്യണമെന്നാണു ഹരജിയില്‍ ആവശ്യപ്പെട്ടത്. പ്രതിദിനം 3,000 ഘനയടി ജലം വിട്ടുകൊടുക്കണമെന്ന നദീജല മേല്‍നോട്ട സമിതിയുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് ഇരു സംസ്ഥാനങ്ങളും നേരത്തെ തന്നെ സുപ്രിം കോടതിയെ അറിയിച്ചിരുന്നു.













