തമിഴ്നാടിന് കവേരി നദിയില്‍ നിന്ന് ദിനംപ്രതി 2000 ഘനയടി വെള്ളം വിട്ട് നല്‍കണമെന്ന് കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ഇതേ അളവില്‍ വെള്ളം നല്‍കുന്നത് തുടരണമെന്നും ഉത്തരവില്‍ പറയുന്നു.
ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. കാവേരി നദീ ജലവുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണം. ഇരു സംസ്ഥാനങ്ങളും സമാധനവും ഒത്തൊരുമയും കാത്ത് സൂക്ഷിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

കാവേരി നദീതടം പരിശോധിക്കാനായി കോടതി കാവേരി മേല്‍നോട്ട സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒമ്പതംഗ കമ്മിറ്റി തയ്യാറാക്കിയ 40 പേജുള്ള റിപ്പോര്‍ട്ടില്‍ കര്‍ണ്ണാടകവും തമിഴ്നാടും ദുരിതത്തിലാണെന്നും വിളനാശത്തിന് മതിയായ നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കണമെന്നും സമിതി വ്യക്തമാക്കുന്നു.
തമിഴ്നാടും കര്‍ണ്ണാടകയും ജലദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ പഴകിയതും അശാസ്ത്രീയവുമായ തത്വം വെള്ളം വിട്ടുനല്‍കുന്നതിനായി അവലംബിക്കാനാവില്ലെന്ന് തിങ്കളാഴ്ച നടന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. ഇത് ജനങ്ങള്‍ക്ക് തൊഴിലില്ലായ്മയും സാമ്പത്തിക ബാധ്യതകളും ഉണ്ടാക്കുമെന്നും സമിതി വിലയിരുത്തിയിരുന്നു.













