കായംകുളം മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് കോവിഡ്; രണ്ട് വാർഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ കായംകുളം മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജില്ലാഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റ് ഉൾപ്പെടുന്ന രണ്ട് വാർഡുകൾ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. അതേസമയം കൊല്ലത്ത് ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില ഗുരുതരമാണ്.

ഈ മാസം 23ന് മറ്റ് രോഗങ്ങളുമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അറുപത്തഞ്ചുകാരന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് കാട്ടി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. പ്ലാസ്മ തെറാപ്പിയടക്കം അടിയന്തര ചികിത്സ നൽകിയിട്ടുണ്ട്. കായംകുളം മാർക്കറ്റിൽ കച്ചവടം നടത്തിയിരുന്ന ഇദ്ദേഹത്തിന്‍റെ കടയിൽ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പച്ചക്കറിയുമായി വാഹനങ്ങൾ എത്തിയിരുന്നു. രോഗം പകർന്നത് ഇങ്ങനെയാകാമെന്നാണ് നിഗമനം.

പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട ഇരുപതുപേരെ കണ്ടെത്തി. സമ്പർക്കമുള്ള നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കടയിൽ വന്നുപോയ മുഴുവൻ ആളുകളെയും കണ്ടെത്തുക ശ്രമകരമായ ജോലിയാണ്. അതിനാൽ രോഗവ്യാപനം തടയുന്നതിന് നഗരസഭയിലെ നാല്, ഒമ്പത് വാർഡുകളിൽ നിയന്ത്രണമേർപ്പെടുത്തി. അവശ്യവസ്തുക്കളും അടിയന്തര വൈദ്യസഹായവുമൊഴികെ വാഹനഗതാഗതം നിരോധിച്ചു.

ആവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ 8 മുതൽ 11 മണി വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. നാലു പേരിലധികം കൂട്ടംകൂടാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. പ്രദേശത്ത് പൊലീസും ആരോഗ്യവിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *