കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ സഞ്ചാരപഥം കര്‍ണാടക ട്രക്കിങ് പാതയാക്കുന്നു

മൈസൂരു: കാട്ടുകൊള്ളക്കാരന്‍
വീരപ്പന്റെ ജന്മസ്ഥലമാണ് തമിഴ്‌നാടിന്റെ അതിര്‍ത്തിഗ്രാമമായ ഗോപിനാഥം. ഒരുകാലത്ത് കുപ്രസിദ്ധമായിരുന്ന ഈ പ്രദേശത്തിന്റെ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് വനംവകുപ്പിന്റെ ശ്രമം.

ഇതിനായി വീരപ്പന്‍ വിഹരിച്ചിരുന്ന ചാമരാജനഗറിലെ ഗോപിനാഥത്തെ വനമേഖലയിലെ സഞ്ചാരപഥം വിനോദസഞ്ചാരികള്‍ക്കായി ട്രക്കിങ് പാതയാക്കാനാണ് പദ്ധതി. വനംവകുപ്പും വിനോദസഞ്ചാരവകുപ്പും ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്.

‘നിഗൂഢ പഥം’ എന്ന പേരില്‍ പ്രദേശത്തെ പുനരവതരിപ്പിക്കാനാണ് ലക്ഷ്യം. 20 കിലോമീറ്ററോളം വരുന്നതാണ് പാത. ഡിസംബര്‍ അവസാനത്തോടെ പദ്ധതി നടപ്പാക്കും.

വര്‍ഷങ്ങളായി വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം ആരും പ്രദേശത്ത് പോകാറില്ല. ഗോപിനാഥത്തെത്തുന്ന വിനോദസഞ്ചാരികള്‍ അവിടത്തെ ജംഗിള്‍ ലോഡ്ജ്‌സ് ആന്‍ഡ് റിസോര്‍ട്ടില്‍ താമസിച്ചശേഷം മടങ്ങാറാണ് പതിവ്.

വീരപ്പനുമായി ഏറ്റുമുട്ടി വനപാലകരും പോലീസുകാരും കൊല്ലപ്പെട്ട സ്ഥലങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം ട്രക്കിങ് പാതയില്‍ ഉള്‍പ്പെടുത്തും. കൂടാതെ സഫാരിയും നടപ്പാക്കും. സഫാരിക്കായി റോഡുകള്‍ നവീകരിക്കും.

പദ്ധതിക്കായി അഞ്ചുകോടിരൂപ നീക്കിവെച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *