കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ചാവേറാക്രമണത്തില്‍ 17 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. 2014നു ശേഷം കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. അതേസമയം, സൈനിക കേന്ദ്രത്തിനുള്ളില്‍ ആക്രമണം നടത്തിയ നാലു ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുകയാണ്.
ശ്രീനഗര്‍ – മുസഫറാബാദ് ദേശീയപാതയ്ക്ക് അരികിലുള്ള സൈനിക കേന്ദ്രത്തില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് ഭീകരര്‍ ആക്രമണം തുടങ്ങിയത്. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. കമാന്‍ഡോ ശൈലിയില്‍ എത്തിയ ഭീകരര്‍ സൈനികര്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നു.













