കനത്ത സുരക്ഷയില്‍ രാജ്യം സ്വതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കുന്പോള് ആഭ്യന്തരപ്രശ്നം രൂക്ഷമായ സ്ഥിതിയിലേക്ക് നീങ്ങുന്ന കശ്മീരില്‍ സിആര്‍പിഎഫ് ക്യാന്പിന് നേരേ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ നൗഹട്ടയിലെ ക്യാന്പിലാണ് ആക്രമണം നടന്നത്.
സുരക്ഷാ സേനയ്ക്കെതിരേ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയത്. ഇവര്‍ നൗഹട്ടാ ക്യാന്പിന് സമീപത്തെ ഒരു വീടിനുള്ളില്‍ ഒളിച്ചിരുന്നാണ് ആക്രമണം നടത്തിയത്. എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ശ്രീനഗറില്‍ എങ്ങും ഏര്‍പ്പെടുത്തിയിരുന്നത്. ഇരു വിഭാഗവും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടയില്‍ ഇവിടം സുരക്ഷാസേന അടച്ചു.
നിരോധനാജ്ഞ മറികടന്നാണ് ആക്രമണം ഉണ്ടായത്. ഭീകരതയ്ക്കും മാവോയിസ്റ്റുകള്‍ക്കും മുന്നില്‍ മുട്ടുമടക്കില്ല എന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയതിന് തൊട്ടു പിന്നാലെയായിരുന്നു ആക്രമണം. അസമില്‍ ടിന്‍സുക്കിയ ജില്ലയില്‍ നാലിടത്തും മണിപ്പൂരില്‍ രണ്ടിടത്തും സ്ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പാകിസ്താനെയും തീവ്രവാദത്തെയൂം പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.













