കശ്മീരില്‍ അല്‍ഖ്വായ്ദ സാന്നിധ്യം പ്രഖ്യാപിച്ചു; സക്കീര്‍ മൂസ തലവന്‍


ആഗോള ഭീകരസംഘടനയായ അല്‍ഖ്വായ്ദയുടെ കശ്മീര്‍ മേഖലാ തലവനായി മുന്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ പ്രവര്‍ത്തകന്‍ സക്കീര്‍ മൂസയെ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ഒരു അന്തര്‍ദേശീയ ഭീകരസംഘടന കശ്മീരില്‍ സാന്നിധ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.
അല്‍ഖ്വായ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇസ്ലമിക് മീഡിയാ ഫ്രണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അന്‍സര്‍ ഗവ്‌സാത് ഉല്‍ ഹിന്ദ് എന്നാണ് കശ്മീരിലെ അല്‍ഖ്വായ്ദ വിഭാഗം അറിയപ്പെടുക. ബുര്‍ഹന്‍ വാനിയുടെ കൊലപാതകത്തിന്‌ ശേഷമുള്ള അടുത്ത നടപടിയായാണ് കശ്മീര്‍ വിഭാഗം രൂപവത്കരിച്ചത്.
ഭീകരസംഘടനയുടെ പുതിയ വിഭാഗത്തിന്റെ രൂപവത്കരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീര്‍ ഡി ജി പി എസ് പി വൈദ് അറിയിച്ചു. അന്തര്‍ ദേശീയതലത്തിലുള്ള ഭീകരസംഘടനകളുടെ സാന്നിധ്യം ഇതുവരെ ക്ശമീര്‍ പോലീസ് സ്ഥിരീകരിച്ചിരുന്നില്ല.
ബുര്‍ഹന്‍ വാനിയുടെ അടുത്ത അനുയായികളില്‍ ഒരാളായാണ് സക്കീര്‍ മൂസ അറിയപ്പെടുന്നത്. ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ചേര്‍ന്നായിരുന്നു സക്കീറിന്റെ പ്രവര്‍ത്തനം. അല്‍ഖ്വായ്ദയുടെ കശ്മീര്‍ വിഭാഗത്തിന്റെ രൂപവത്കരണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ പ്രതികരണവുമായി ഹിസ്ബുള്‍ നേതാവ് സയേദ് സലാഹുദ്ദീന്‍ രംഗത്തെത്തി.
അന്താരാഷ്ട്ര ഭീകരസംഘടനകളുടെ സാന്നിധ്യമോ ആവശ്യമോ കശ്മീരിന് ആവശ്യമില്ലെന്ന് സലാഹുദ്ദീന്‍ പറഞ്ഞു.




Sharing is Caring